തൊടുപുഴ: കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ വന്യജീവി ആക്രമണത്തിൽ മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കണക്കില്ലെന്ന് കേന്ദ്രസർക്കാർ. കേരളത്തിൽ വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണം സംബന്ധിച്ച് അടൂർ പ്രകാശ് എം.പിയുടെയും ഡീൻ കുര്യാക്കോസ് എം.പിയുടെയും ചോദ്യത്തിന് വനം പരിസ്ഥിതി വകുപ്പ് സഹമന്ത്രി അശ്വിനി കുമാർ ചൗബേ ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇത് വ്യക്തമാവുന്നത്.
വന്യജീവി ആക്രമണം തടയുന്നതിന് പ്രത്യേക കേന്ദ്ര സഹായം തേടി കേരളം കർമ്മപദ്ധതി സമർപ്പിച്ചിരുന്നോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയില്ല. കേന്ദ്ര പദ്ധതിയിലെ സഹായമായി 2023-24ൽ 9.21 കോടി രൂപ കേരളത്തിന് നൽകിയിട്ടുണ്ട്.
വന്യജീവി ആക്രമണത്തിനിരയാകുന്നവർക്ക് നൽകുന്ന സഹായം കേന്ദ്രസർക്കാർ അടുത്തിടെ വർദ്ധിപ്പിച്ചിട്ടുണ്ട്. മരണമോ അംഗവൈകല്യമോ സംഭവിച്ചാൽ 10 ലക്ഷം രൂപയും, ഗുരുതര പരിക്കേൽക്കുന്നവർക്ക് 2 ലക്ഷം രൂപയും, നിസ്സാര പരിക്കേൽക്കുന്നവർക്ക് ചികിത്സക്കായി 25000 രൂപയുമായി സഹായം വർധിപ്പിച്ചിട്ടുണ്ടെന്ന് മറുപടിയിൽ വ്യക്തമാക്കി.