ഡെറാഡൂൺ: ഏകീകൃത സിവില്‍ കോഡ് നിയമമാകുന്നതോടെ ലിവിങ് ടുഗതർ പങ്കാളികളായി ജീവിക്കുന്നവരും ജീവിക്കാന്‍ ആഗ്രഹിക്കുന്നവരും ജില്ലാ ഭരണകൂടങ്ങളില്‍ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശവുമായി ഉത്തരാഖണ്ഡ് സർക്കാർ . 21 വയസില്‍ താഴെയുള്ളവരാണെങ്കില്‍ മാതാപിതാക്കളുടെ സമ്മതവും ആവശ്യമാണ്. സംസ്ഥാനത്തിന് പുറത്ത് ലിവിങ് ടുഗതർ ജീവിതം നയിക്കുന്നവർക്കും നിർദേശം ബാധകമാണ്.
ലിവിങ് ടുഗതർ ബന്ധങ്ങള്‍ രജിസ്റ്റർ ചെയ്യുന്നതിന് ചില നിബന്ധനകളുമുണ്ട്. പങ്കാളികള്‍ക്ക് പ്രായപൂർത്തിയായിരിക്കണം, സമ്മതം നേടിയത് വ്യാജവാഗ്ദാനങ്ങള്‍ നല്‍കിയായിരിക്കരുത്, പങ്കാളികളില്‍ ഒരാള്‍ വിവാഹം കഴിച്ചതോ അല്ലെങ്കില്‍ മറ്റ് ബന്ധങ്ങളുള്ള വ്യക്തിയോ ആയിരിക്കരുത്.
ലിവിങ് ടുഗതർ ബന്ധങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രത്യേക വെബ്‌സൈറ്റ് തയാറാക്കിവരുകയാണെന്നും മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോർട്ട് ചെയ്തു. ജില്ലാ രജിസ്ട്രാർക്കാണ് ബന്ധത്തിന്റെ സാധുത പരിശോധിച്ച് സ്ഥിരീകരിക്കാനുള്ള ഉത്തരവാദിത്തം. രജിസ്ട്രേഷന്‍ നിരസിക്കപ്പെടുകയാണെങ്കില്‍ വ്യക്തമായ കാരണങ്ങളും രജിസ്ട്രാർ അറിയിക്കണം.
ബന്ധം അവസാനിപ്പിക്കുന്നതിന് രേഖാമൂലമായ പ്രസ്താവനയും ആവശ്യമാണ്. കാരണങ്ങളില്‍ വിശ്വാസയോഗ്യമല്ലെങ്കില്‍ രജിസ്ട്രാർക്ക് പോലീസ് അന്വേഷണത്തിന് നിർദേശം നല്‍കാനും കഴിയും. 21 വയസില്‍ താഴെയുള്ളവരാണെങ്കില്‍ മാതാപിതാക്കളേയും അറിയിക്കും.
ലിവിങ് ടുഗതർ ബന്ധങ്ങള്‍ രജിസ്റ്റർ ചെയ്യുന്നതില്‍ പരാജയപ്പെടുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ ആറ് മാസം വരെയാണ് തടവുശിക്ഷ. 25,000 രൂപ വരെ പിഴയും ലഭിക്കാം. രജിസ്റ്റർ ചെയ്യാന്‍ കാലതാമസമുണ്ടായാല്‍ ജയില്‍ശിക്ഷ മൂന്ന് മാസവും പിഴ 10,000 രൂപയുമായിരിക്കും.
ലിവിങ് ടുഗതർ ബന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് നിയമപരമായ അംഗീകാരം ലഭിക്കും. പങ്കാളികളുടെ കുട്ടിയായി തന്നെ കണക്കാക്കപ്പെടും. കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്തുക്കളിലും അവകാശമുണ്ടാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *