ദുബായ്: യുഎഇയിലെ ട്യൂഷൻ അധ്യാപകർക്ക് പുതിയ മാർഗനിർദേശവുമായി സർക്കാർ. സ്വകാര്യ ട്യൂഷനുകൾക്ക് വർക്ക് പെർമിറ്റ് നേടുന്ന അധ്യാപകർ അവരുടെ സ്കൂ‌ളുകളിലെ വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുക്കാൻ പാടില്ലെന്നാണ് നിർദേശം.
സ്വകാര്യ ട്യൂഷന് അപേക്ഷിക്കുന്നവർക്കുള്ള പെരുമാറ്റച്ചട്ടത്തിലാണ് സ്വന്തം സ്കൂളിലെ കുട്ടികളെ പഠിപ്പിക്കരുതെന്ന നിബന്ധന ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ പല ട്യൂഷൻ അധ്യാപകരും ദുരിതത്തിലായിരിക്കുകയാണ്.
ഇതിന് പുറമെ നിരവധി നിബന്ധനകളും സർക്കാർ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഒരു കാരണവശാലും വിദ്യാർത്ഥികളെ വാക്കാലോ ശാരീരികമായോ ശിക്ഷിക്കരുത്, രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടേയും വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കണം, രാജ്യത്തെ നിയമങ്ങളോടും സംസ്‌കാരത്തോടും യോജിക്കാത്തതോ തീവ്രവാദപരമോ ആയ ആശയങ്ങൾ കുട്ടികൾക്ക് പകർന്ന് നൽകരുത് തുടങ്ങിയ കാര്യങ്ങളാണ് പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സർക്കാർ സ്വകാര്യ സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്ത‌ അധ്യാപകർ, സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർ, തൊഴിൽരഹിതർ, 15 മുതൽ 18 വരെ പ്രായമുള്ള യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ എന്നിവർക്കാണ് പെർമിറ്റിന് അപേക്ഷിക്കാൻ സാധിക്കുക.
മാനവവിഭവ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി അപേക്ഷ സമർപ്പിച്ചാൽ അഞ്ച് പ്രവൃത്തിദിനത്തിനുള്ളിൽ പെർമിറ്റ് അനുവദിക്കുകയും ചെയ്യും. യോഗ്യരായ അധ്യാപകർക്ക് രണ്ട് വർഷത്തേക്കാണ് സ്വകാര്യ ട്യൂഷനുകളെടുക്കുന്നതിനായി പെർമിറ്റ് നൽകുക.
 

By admin

Leave a Reply

Your email address will not be published. Required fields are marked *