ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഒരു ചരിത്ര നാഴികക്കല്ല് കൈവരിച്ചു. ആഭ്യന്തര വിപണിയിൽ 57,115 യൂണിറ്റുകളും കയറ്റുമതിക്കായി 10,500 യൂണിറ്റുകളും ഉൾപ്പെടുന്ന മൊത്തം 67,615 യൂണിറ്റുകൾ വിജയകരമായി വിറ്റു. ഈ നേട്ടം 8.7 ശതമാനം വാർഷിക വിൽപ്പന വളർച്ചയും 33.60 ശതമാനം പ്രതിമാസ വളർച്ചയും രേഖപ്പെടുത്തി.
മെച്ചപ്പെടുത്തിയ സ്റ്റൈലിംഗ്, പുതുക്കിയ ഇന്‍റീരിയറുകൾ, പുതിയ ടർബോ-പെട്രോൾ എഞ്ചിൻ എന്നിവ സഹിതമുള്ള ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്‍റെ വരവാണ് കമ്പനിയെ വമ്പൻ വിൽപ്പനയ്ക്ക് സഹായിച്ചതെന്നാണ് റിപ്പോര്‍ട്ടുകൾ. ബുക്കിംഗ് ആരംഭിച്ചതുമുതൽ, പുതിയ ഹ്യുണ്ടായ് ക്രെറ്റയ്ക്ക് ഏകദേശം 50,000 ഓർഡറുകൾ ലഭിച്ചു. ഇത് വിപണിയിൽ അതിന്‍റെ ജനപ്രീതിക്ക് അടിവരയിടുന്നു.
ഉയർന്ന ഡിമാൻഡ് പെട്രോൾ വേരിയന്‍റുകൾക്ക് മൂന്നുമുതൽ നാല് മാസവും ഡീസൽ വേരിയന്‍റുകൾക്ക് നാല് മുതൽ അഞ്ച് മാസവും കാത്തിരിപ്പ് കാലയളവുണ്ട്. തിരഞ്ഞെടുത്ത വേരിയന്‍റ്, നിറം, നഗരം എന്നിവയെ അടിസ്ഥാനമാക്കി ഇത് വ്യത്യാസപ്പെടാം. ഹ്യൂണ്ടായ് അതിന്‍റെ എൻ ലൈൻ വേരിയന്‍റ് അവതരിപ്പിക്കുന്നതോടെ ക്രെറ്റ എസ്‌യുവി മോഡൽ ലൈനപ്പ് വിപുലീകരിക്കാനും പദ്ധതിയിടുന്നു.
10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പുതുക്കിയ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, മെച്ചപ്പെടുത്തിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, പുതിയ യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോയിന്‍റുകൾ, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സാങ്കേതികവിദ്യ എന്നിവയാണ് പുതിയ ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്‍റെ പ്രധാന ഹൈലൈറ്റുകൾ. എസ്‌യുവി ലൈനപ്പിൽ പുതിയ 160 ബിഎച്ച്‌പി, 1.5 എൽ ടർബോ പെട്രോൾ എഞ്ചിൻ ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കുന്നു.