ഹൈ എൻഡ് സ്‌പോർട്‌സ് കാറുകൾ വിട്ടുനൽകാൻ ബാന്ദ്ര കുർള കോംപ്ലക്‌സ് പോലീസിനോട് ബോംബെ ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടു . 2024 ജനുവരി 26 ന് ബാന്ദ്ര കുർള കോംപ്ലക്‌സ് പോലീസ് 41 സൂപ്പർകാറുകളാണ് പിടിച്ചെടുത്തത്. നിയമം ലംഘിച്ച് രാലി നടത്തിയെന്നും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയെന്നുമുളള പരാതിയിലാണ് കാറുകൾ പിടിച്ചെടുത്തത് എന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ വാഹന ഉടമകൾ കോടതിയെ സമീപിക്കുകയും പോലീസുകാർ പിടിച്ചെടുത്ത 31 സൂപ്പർകാറുകൾ വിട്ടുനൽകാൻ ബോംബെ ഹൈക്കോടതി ഇപ്പോൾ ബികെസി പോലീസിനോട് ഉത്തരവിടുകയുമായിരുന്നു. പോലീസ് നടപടിക്ക് മതിയായ നിയമപരമായ അടിത്തറയില്ലെന്നും ഫെരാരികളും ലംബോർഗിനികളും ഉൾപ്പെടെയുള്ള ആഡംബര കാറുകൾ പിടിച്ചെടുത്തതിന് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് വ്യക്തമാക്കിയുമാണ് കാറുകൾ വിട്ടുനൽകാൻ പോലീസിനോട് ഉത്തരവിട്ടത്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒരു ഇവൻറ് മാനേജ്‌മെന്‍റ് കമ്പനി സംഘടിപ്പിച്ച റാലി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജിയോ വേൾഡ് ഡ്രൈവ് മാളിലായിരുന്നു സംഭവം. റാലി രാവിലെ 6 മണിക്ക് ജിയോ വേൾഡ് ഡ്രൈവ് മാളിൽ നിന്ന് ആരംഭിച്ച് അടുത്തിടെ ഉദ്ഘാടനം ചെയ്ത മുംബൈ ട്രാൻസ് ഹാർബർ ലിങ്കിലേക്കും തിരിച്ചും പോകേണ്ടതായിരുന്നു. എന്നാൽ പിന്നാലെ പോലീസ് നടപടി തുടങ്ങി.
കാറുകൾ കൂട്ടിയിടിച്ചതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ പോലീസ് നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കാറുകൾ വിട്ടുനൽകാൻ പോലീസ് ഉദ്യോഗസ്ഥർ വിസമ്മതിച്ചതിനെത്തുടർന്ന് എഫ്ഐആർ റദ്ദാക്കണമെന്ന് കാറുടമകൾ ബോംബെ ഹൈക്കോടതിയിൽ അപേക്ഷ നൽകി. ഭൂരിഭാഗം വാഹനം ഉടമകളും ബാന്ദ്ര, ഖാർ, അന്ധേരി മേഖലകളിൽ നിന്നുള്ളവരായിരുന്നു.