വടക്കാഞ്ചേരി: മുന്‍ വൈര്യാഗത്തെത്തുടര്‍ന്ന് വേലൂര്‍ കിരാലൂരില്‍ സഹോദരങ്ങളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍.
അവണൂര്‍ ചെറുശേരി വീട്ടില്‍ ആദിത്യന്‍ (22), സഹോദരന്‍ നിജില്‍ (18), പേരാമംഗലം കൈപ്പറമ്പില്‍ വീട്ടില്‍ കമലേഷ് (27), അവണൂര്‍ സൗഹൃദനഗറില്‍ നെല്ലിക്കുന്ന് വീട്ടില്‍ വിജിത്ത് (18), കോട്ടയം കൈപ്പുഴ പറയന്‍കുന്നത്ത് ധനുരാജ് (22) എന്നിവരെയും 17 വയസുകാരനെയുമാണ് പിടികൂടിയത്.
മുണ്ടൂര്‍ തങ്ങാലൂര്‍ നെടിയേടത്ത് മനീഷ് (30), സഹോദരന്‍ മോനിഷ് (36) എന്നിവരെയാണ് പ്രതികള്‍ ആക്രമിച്ചത്. വാളും കത്തിയും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ക്കും ഗുരുതര പരിക്കേറ്റു.
കിരാലൂര്‍ പള്ളിപ്പെരുന്നാളിന് സുഹൃത്തിന്റെ വീട്ടിലെത്തിയ സഹോദരന്മാരെ പിന്തുടര്‍ന്നെത്തിയ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. പ്രതികളില്‍ പലരും മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അക്രമാസക്തരായ പ്രതികളെ പോലീസ് സാഹസികമായാണ് പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച പ്രതികള്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.