തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബജറ്റ് പുത്തിരിക്കണ്ടം പ്രസംഗം. പരാമർശങ്ങൾ പലതും വസ്തുക വിരുദ്ധം. തകർന്ന സമ്പത്ത് ഘടനയെ രക്ഷിക്കാൻ ഒരു മന്ത്രവും ബജറ്റിലില്ലെന്നും അദ്ദേഹം വിമർശിച്ചു.
ബജറ്റ് വാചക കസർത്ത് മാത്രം. കേന്ദ്രത്തിനെതിരെ രാഷ്ട്രീയ പ്രസംഗം നടത്താൻ ബജറ്റ് പ്രസംഗം ഉപയോഗിച്ചു. ക്ഷേമ പെൻഷൻ വർധിപ്പിക്കാനുള്ള ഒരു നീക്കവും സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. റബറിന് വില കൂടുമെന്ന് കണ്ടാണ് താങ്ങുവില 180 ആക്കുമെന്ന ഇപ്പോഴത്തെ പ്രഖ്യാപനമെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ടി.പി ശ്രീനിവാസൻ ഇത് പറഞ്ഞപ്പോൾ എടുത്തിട്ട് അടിച്ചവരാണ് പ്രഖ്യാപനം നടത്തുന്നത്. ടി.പി ശ്രീനിവാസനോട് ധനമന്ത്രി മാപ്പ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കേന്ദ്ര അവഗണനയെന്ന ആരോപണം തെറ്റാണ്. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.