തിരുവനന്തപുരം: കേരളത്തിലെ മദ്യം ഇനി വിദേശ രാജ്യങ്ങളിലേക്കും. സംസ്ഥാനത്തെ മദ്യം കയറ്റുമതിക്ക് നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കേരളത്തില്‍ നിര്‍മിക്കുന്ന മദ്യം വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ പ്രായോഗിക നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കാനായി 1000 കോടിരൂപയുടെ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സിക്ക് 128 കോടി അനുവദിച്ചു. ഇതില്‍ 92 കോടി രൂപയും പുതിയ ബസുകള്‍ വാങ്ങാനാണ് അനുവദിച്ചിരിക്കുന്നത്.
ശബരിമല വിമാനത്താവളത്തിനായി 1.88 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തി. ശബരിമല മാസ്റ്റര്‍ പ്ലാനിനായി 27.6 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും സംസ്ഥാന ബജറ്റില്‍ ശബരിമലയ്ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. അതേസമയം, സംസ്ഥാന ബജറ്റില്‍ ഗതാഗതമേഖലയ്ക്ക് 1976 കോടി രൂപ അനുവദിച്ചു.