വൈറൽ ഹെപ്പറ്റൈറ്റിസ് (എ, ബി, സി, ഡി, ഇ) ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ എന്നിങ്ങനെ വിവിധ കാരണങ്ങൾ കരളിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഓക്കാനം, നേരിയ പനി, സന്ധി വേദന തുടങ്ങിയവ ഹെപ്പറ്റൈറ്റിസിൻ്റെ ലക്ഷണങ്ങൾ. മൂത്രം, കണ്ണുകൾ, ചർമ്മം എന്നിവയിൽ മഞ്ഞനിറം കാണുന്നത് കരൾ രോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്. ലിവർ സിറോസിസ്, ഫാറ്റി ലിവർ പോലുളള രോഗങ്ങളാണ് കരളിനെ കൂടുതലായി ബാധിക്കുന്നത്.
മദ്യപാനമാണ് ലിവർ സിറോസിസ് പോലുള്ള രോഗങ്ങൾക്കുള്ള പ്രധാന കാരണം. എന്നാൽ കരൾ രോഗം മദ്യപാനം കൊണ്ടു മാത്രമല്ല, പാരമ്പര്യം, അമിതവണ്ണം, ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം എന്നിവ കൊണ്ടും പിടിപെടാം. സമയബന്ധിതമായ പരിശോധനയും രോഗനിർണയവും വിവിധ കരൾ രോഗങ്ങൾ അകറ്റുന്നതിന് സഹായിക്കും.
പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പുഷ്ടവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് കരൾ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്.എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.കാരണം, എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ കരളിനെ മാത്രമല്ല വിവിധ രോഗങ്ങൾക്കും കാരണമാകും.
മതിയായ ജലാംശം കരളിൻ്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ധാരാളം വെള്ളം കുടിക്കുന്നത് ടോക്സിനുകളെ പുറന്തള്ളാനും കരൾ പ്രവർത്തനത്തെ മികച്ചതാക്കാനും സഹായിക്കുന്നു.ഹെപറ്റൈറ്റിസ് എ, ബി, സി എന്നീ രോഗങ്ങളിൽ നിന്ന് കരളിനെ സംരക്ഷിക്കാനായി വാക്സീനുകൾ എടുക്കുക.