ഡല്‍ഹി: ഏകീകൃത സിവിൽ കോഡിന് (യുസിസി) മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകി. സർക്കാർ നിയോഗിച്ച ഉന്നതതല സമിതിയാണ് യുസിസിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിച്ചത്.
ഞായറാഴ്ച ചേർന്ന് മന്ത്രിസഭായോഗമാണ് വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിന് അംഗീകാരം നൽകിയത്. ഏകീകൃത സിവിൽ കോഡ് ചൊവ്വാഴ്ച്ച നിയമസഭയിൽ അവതരിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
മുഖ്യ സേവക് സദനിൽ സംഘടിപ്പിച്ച പരിപാടിയിൽ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതി യുസിസിയുടെ കരട് ധാമിക്ക് സമർപ്പിച്ചത്. ബഹുഭാര്യത്വത്തിന്റെ നിരോധനം, തുല്യ അനന്തരാവകാശം, ലിവ്-ഇൻ റിലേഷൻഷിപ്പുകളുടെ നിർബന്ധിത പ്രഖ്യാപനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കരടിൽ ഉണ്ടെന്നാണ് വിവരം.
ഏകീകൃത സിവിൽ കോഡ് നിയമസഭ പാസാക്കിയാൽ, സ്വാതന്ത്ര്യത്തിന് ശേഷം ഇത് അംഗീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. യുസിസിയിൽ നിയമം പാസാക്കുന്നതിനായി ഫെബ്രുവരി 5 മുതൽ 8 വരെ ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക നാല് ദിവസത്തെ സമ്മേളനം നടക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഫെബ്രുവരി മൂന്നിന് ചേരുന്ന കാബിനറ്റ് യോഗത്തിൽ യുസിസി നിർദ്ദേശം ചർച്ച ചെയ്യാനുള്ള പ്രാരംഭ പദ്ധതികൾ ഉണ്ടായിരുന്നെങ്കിലും, സമഗ്രമായ അവലോകനത്തിന് മന്ത്രിമാർക്ക് മതിയായ സമയം അനുവദിക്കുന്നതിനായി അത് മാറ്റിവയ്ക്കുകയായിരുന്നു.
നേരത്തെ ഏകീകൃത സിവിൽ കോഡിനെ (യുസിസി) സംബന്ധിച്ച നിയമ കമ്മീഷന്റെ റിപ്പോർട്ടിൽ സ്വവർഗ വിവാഹം ഉൾപ്പെടുത്തില്ലെന്ന സൂചനകളുണ്ടായിരുന്നു. നിയമങ്ങളുടെ കൂട്ടത്തിൽ പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹങ്ങൾ ഉൾപ്പെടും.
എന്നാൽ സ്വവർഗ വിവാഹങ്ങൾ യുസിസിയുടെ പരിധിയിൽ വരില്ല. ജാതി, മതം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ ഓരോ ഇന്ത്യൻ പൗരന്റെയും വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ എന്നിവ നിയന്ത്രിക്കുന്നതിന് ഒരേ തരത്തിലുള്ള സിവിൽ നിയമങ്ങൾ രൂപീകരിക്കാനും നടപ്പിലാക്കാനുമുള്ള നിർദ്ദേശമാണ് യുസിസി കൊണ്ട് ഉദ്ദേശിക്കുന്നത്. അത് നിലവിലുള്ള മതത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങൾക്ക് പകരമാവും അവതരിപ്പിക്കുക.