യുകെ: ഏറെ കൊട്ടിഘോഷിക്കപ്പെട്ടു സർക്കാർ പ്രഖ്യാപിച്ച ‘ഫാർമസി ഫസ്റ്റ് പ്ലാൻ’ അവതാളത്തിലാകുമോ എന്ന് സംശയം രാജ്യത്താകമാനം ഉയരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തന്റെ ‘ഫ്ലാഗ് ഷിപ്പ്’ പദ്ധതി ആയി ഉയർത്തി കാട്ടിയ പദ്ധതി കഴിഞ്ഞ ജനുവരി 31 – നാണ് പ്രഖ്യാപിച്ചത്.
ഏഴ് അസുഖങ്ങൾക്ക് ജി പിൽ പോകാതെ തന്നെ ചികിത്സിക്കുന്നതിനായി ആൻറിബയോട്ടിക്കുകളും ആൻറിവൈറലുകളും നിർദ്ദേശിക്കാൻ ഫാർമസിസ്റ്റുകളെ അനുവദിച്ചുകൊണ്ട് ഫർമസിയിൽ നിന്നും ചികിത്സയും മരുന്നുകളും ലഭ്യമാകുമെന്നതായിരുന്നു പദ്ധതിയുടെ പ്രധാന ആകർഷണം. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ വൻ ജനപിന്തുണ നേടിയ പ്രഖ്യാപനമായിരുന്നു ‘ഫാർമസി ഫസ്റ്റ് പ്ലാൻ’ പദ്ധതി.

എന്നാൽ, അടുത്തിടെ എൻഎച്എസ് പുറത്ത് വിട്ട ഞെട്ടിക്കുന്ന കണക്കുകൾ കാണിക്കുന്നത്, യു കെയിൽ റെക്കോർഡ് തോതിലാണ്  ഫാർമസികക്ക് പൂട്ട് വീണുകൊണ്ടിരിക്കുന്നത് എന്നാണ്. ഓരോ ദിവസവും ഒന്നിലധികം കമ്മ്യൂണിറ്റി ഫാർമസികൾ അതിൻ്റെ വാതിലുകൾ അടയ്ക്കുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം 394 ഫാർമസികളാണ് അടച്ചു പൂട്ടിയതെന്ന വസ്തുത കൂടി പുറത്ത് വരുമ്പോൾ ഞെട്ടുന്നത് രാജ്യമൊന്നാകെയാണ്. പ്രവത്തനത്തിനാവശ്യമായ ഫണ്ടിംഗിന്റെ കുറവും വർദ്ധിച്ചുവരുന്ന ചെലവുകളും ആണ് അടച്ചു പൂട്ടലിന്റെ പ്രധാന കാരണങ്ങൾ ആയി ഉടമകൾ പറയുന്നത്.

വർഷങ്ങളായി നിലനിൽക്കുന്ന ഫണ്ടിംഗ് അപര്യാപ്തത മൂലമുള്ള ഫാർമസി അടച്ചുപൂട്ടലുകൾ, ഋഷി സുനക്കിൻ്റെ ആരോഗ്യ നയത്തെ അപകടത്തിലാക്കിയേക്കാം എന്ന് പൊതുവെ കരുതപ്പെടുന്നുണ്ട്. ഫണ്ടിഗിന്റെ കുറവും വർദ്ധിച്ചുവരുന്ന ചെലവുകളും കാരണം ഉടമകൾ ബുദ്ധിമുട്ടുന്നു. അടച്ചുപൂട്ടൽ ഞെട്ടിപ്പിക്കുന്ന നിരക്കിൽ ഉയർന്നു എന്നായിരുന്നു നാഷണൽ ഫാർമസി അസോസിയേഷൻ ചെയർ പോൾ റീസ് ഇതിനോട് പ്രതികരിച്ചത്.
കമ്മ്യൂണിറ്റി ഫാർമസികളിൽ 70 ശതമാനത്തിലധികവും ഇപ്പോൾ കടത്തിലാണ്. കൂടുതൽ ഫാർമസികൾ അടച്ചുപൂട്ടുമ്പോൾ ആളുകൾക്ക് അവരുടെ മരുന്നുകൾ സമീപത്ത് ലഭിക്കുക കൂടുതൽ ബുദ്ധിമുട്ടായിരിക്കും. കഴിഞ്ഞ ദശകത്തിൽ ഫാർമസികൾക്കുള്ള ഫണ്ടിങ്ങ് ഏകദേശം 40% കുറഞ്ഞു.  പണപ്പെരുപ്പത്തിനാനുപാധികമായി ഉയരുന്നതിന് പകരം ഫണ്ടിംഗ് ലെവലുകൾ മരവിപ്പിച്ചു. 1.3 ബില്യൺ പൗണ്ടിൻ്റെ സാമ്പത്തിക കമ്മിയിലാണ് ഈ മേഖലയുടെ ഇപ്പോഴത്തെ പ്രവർത്തനം.

“ആളുകൾക്ക് അവരുടെ ജി പിയെ കാണാതെ തന്നെ, ഏഴ് സാധാരണ അസുഖങ്ങൾക്ക് അവരുടെ ഫാർമസികളിൽ നിന്ന് അതിവേഗ ക്ലിനിക്കൽ സേവനങ്ങൾ ലഭിക്കാൻ അനുവാദം നൽകുന്ന ‘ഫാർമസി ഫസ്റ്റ്’ ഒരു മികച്ച സംരംഭമാണ്. വളരെ വൈകുന്നതിന് മുമ്പ് സർക്കാരും എൻഎച്ച്എസും കമ്മ്യൂണിറ്റി ഫാർമസികൾക്കുള്ള പിന്തുണ വർധിപ്പിക്കണം” മിസ്റ്റർ റീസ് കൂട്ടിച്ചേർത്തു
100,000 ജനസംഖ്യയിൽ ഫാർമസികൾക്കായുള്ള ഒഇസിഡി റാങ്കിംഗിൽ ബ്രിട്ടൻ ഇതിനകം തന്നെ ഏറ്റവും താഴെയുള്ള പത്തിലാണ്. 100,000 ആളുകൾക്ക് 21 കമ്മ്യൂണിറ്റി ഫാർമസികൾ മാത്രമാണ് യു കെയിലുള്ളത്. ഒഇസിഡി ശരാശരിയിൽ ബൾഗേറിയ, ലാത്വിയ എന്നീ രാജ്യങ്ങളെക്കാൾ താഴെയുമാണ് സ്ഥാനം.
ഫാർമസികൾ അടച്ചാൽ ജി പി അപ്പോയിന്റ്മെന്റ് ക്രമീകരണങ്ങളിൽ സമ്മർദ്ദം വർദ്ധിക്കുമെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. എൻപിഎ അടുത്തിടെ നടത്തിയ ഒരു സർവേയിൽ, യുകെയിലെ മുതിർന്നവരിൽ 64% പേരും തങ്ങളുടെ പ്രാദേശിക ഫാർമസികൾ അടച്ചുപൂട്ടുകയാണെങ്കിൽ, സേവനങ്ങൾക്കും ചികിത്സയ്ക്കുമായി തങ്ങളുടെ ജി പിയെ ആശ്രയിക്കുമെന്ന മറുപടി ആണ് നൽകിയത്.

“ഞങ്ങൾ പതിറ്റാണ്ടുകളായി കമ്മ്യൂണിറ്റികളുടെ കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. ഞങ്ങൾ രോഗികളുടെ വിശ്വാസം ആർജ്ജിചിച്ചിട്ടുണ്ട്. ഞങ്ങളുടെ ഫാർമസിസ്റ്റുകൾക്ക് അവരുടെ രോഗികളെ പേരിൽ തന്നെ അറിയാമായിരുന്നു, രോഗികൾക്ക് അവരുടെ ഫാർമസിസ്റ്റുകളെയും.  നിർഭാഗ്യവശാൽ, ഈ മേഖലയ്ക്ക് സർക്കാർ ദീർഘകാലമായി ഫണ്ട് നൽകാത്തതിനാൽ അതെല്ലാം അവസാനിക്കുകയാണ്” നോർത്തൻ കെമിസ്റ്റ് ചെയിൻ വിറ്റ്വർത്ത് മാനേജിംഗ് ഡയറക്ടർ ജെയ് ബാഡൻഹോസ്റ്റ് പറഞ്ഞു. ഫാർമസി അടച്ചുപൂട്ടൽ എന്‍എച്ച്എസ് 111, എ & ഇ സേവനങ്ങളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ – സാമൂഹിക, പരിചരണ വകുപ്പിൻ്റെ വക്താവിന്റെ വിശദീകരണം ഇങ്ങനെയാണ് “രാജ്യത്തുടനീളം ഫാർമസികളെല്ലാം ജനങ്ങളുടെ സമീപസ്തമാണ്.  ജനസംഖ്യയുടെ എൺപതു ശതമാനവും ഫാർമസിയിലേക്ക് ഇരുപത് മിനിറ്റ് നടന്നെത്താനുള്ള ദൂരത്തിനുള്ളിൽ താമസിക്കുന്നു. കൂടാതെ ദരിദ്രരേഖ പ്രദേശങ്ങളിൽ ഇരട്ടി ഫാർമസികളും പ്രവർത്തിക്കുന്നുണ്ട്.
‘ഫാർമസി ഫസ്റ്റ്’ ആരോഗ്യ മേഖല മെച്ചപ്പെടുത്തും. രാജ്യത്തുടനീളമുള്ള ആളുകക്ക് പ്രതിവർഷം 10 ദശലക്ഷം ജി പി അപ്പോയിൻ്റ്‌മെൻ്റുകൾ സൗജന്യമായി ലഭിക്കുന്നു. കമ്മ്യൂണിറ്റി ഫാർമസി സേവനങ്ങളുടെ വിപുലീകരണത്തിനായി 645 ദശലക്ഷം പൗണ്ട് പുതിയ ഫണ്ട് ആയി നൽകിയിട്ടുണ്ട്”

By admin

Leave a Reply

Your email address will not be published. Required fields are marked *