വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ വിശാഖപട്ടണം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാംദിനം ആദ്യ സെഷൻ അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് 196-6 എന്ന നിലയിലാണ്. വിജയത്തിന് ഇന്ത്യക്ക് നാല് വിക്കറ്റും ഇംഗ്ലണ്ടിന് 204 റൺസും വേണം. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സാണ് ക്രീസിൽ. ആദ്യ സെഷനിലെ അവസാന ഓവറിൽ ജോണി ബെയിസ്‌റ്റോയെ വിക്കറ്റിന് മുന്നിൽകുരുക്കി ജസ്പ്രീത് ബുമ്ര ഇന്ത്യക്ക് പ്രതീക്ഷ നൽകി. വിക്കറ്റ് കീപ്പർ ബെൻ ഫോക്‌സാണ് സ്‌റ്റോക്‌സിനൊപ്പം രണ്ടാം സെഷനിൽ ബാറ്റിങിന് ഇറങ്ങുക.
ഇന്നലെ നൈറ്റ്ബാറ്റ്‌സ്മാനായി ക്രീസിലെത്തിയ രെഹൻ അഹമ്മദിന്റെ വിക്കറ്റ് രാവിലെതന്നെ സന്ദർശകർക്ക് നഷ്ടമായി. അക്‌സർ പട്ടേൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ ഒലീ പോപ്പ് ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ഇതോടെ ഇന്ത്യൻ ബൗളർമാർ സമ്മർദ്ദത്തിലായി. എന്നാൽ അശ്വിന്റെ പരിചയസമ്പത്തിന് മുന്നിൽ പോപ്പ് വീണു. ഇന്ത്യൻ സ്പിന്നറെ കട്ട് ഷോട്ടിന് ശ്രമിച്ച പോപ്പ് രോഹിതിന്റെ കൈയിൽ അവസാനിച്ചു.

ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേടിയ പോപ്പിന്റെ വിക്കറ്റ് വീണത് ഇന്ത്യക്ക് ആശ്വാസമായി. ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന ജോ റൂട്ടും (16)പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യ വിജയം മണത്തു. ഇന്ത്യക്കായി ആർ അശ്വിൻ മൂന്നും കുൽദീപ്, ബുമ്ര, അക്‌സർ പട്ടേൽ ഓരോ വിക്കറ്റ് വീതവും നേടി. 73 റൺസ് നേടിയ സാക് ക്രോലിയാണ് ടോപ് സ്‌കോറർ. നേരത്തെ ജസ്പ്രീത് ബുമ്രയുടെ ആറുവിക്കറ്റ് മികവിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 253ൽ അവസാനിച്ചിരുന്നു. ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറി കരുത്തിൽ 255 റൺസാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ കുറിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *