കോഴിക്കോട്: ആന്ധ്രയില്‍ നിന്ന് കാറില്‍ കോഴിക്കോട് വില്‍പ്പനയ്ക്ക് എത്തിച്ച 55 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ചാത്തമംഗലം നെല്ലിക്കോട് പറമ്പില്‍ എന്‍.പി. മുരളീധരന്‍ (40), പനത്തടി പള്ളികുന്നേല്‍ വീട്ടില്‍ പി.പി. ജോണ്‍സന്‍ (58) എന്നിവരെയാണ് പിടികൂടിയത്.
ഞായറാഴ്ച്ച പുലര്‍ച്ചെ പൂവാട്ട്പറമ്പ് തോട്ടുമുക്ക് ഭാഗത്താണ് സംഭവം. ഈ കഞ്ചാവിന് 20 ലക്ഷത്തോളം രൂപ വിപണി വില വരും. പൂവാട്ട് പറമ്പ്, പെരുവയല്‍, പെരുമണ്ണ ഭാഗങ്ങളില്‍ വലിയ തോതില്‍ ലഹരി വില്‍പ്പനയും ഉപയോഗവുമുണ്ടെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണയ്ക്ക് വിവരം ലഭിച്ചിരുന്നു തുടര്‍ന്ന് പല സ്ഥലങ്ങളിലും വ്യാപകമായ വാഹന പരിശോധന നടത്തിരുന്നു.
അതിനിടയില്‍ പൂവാട്ട്പറമ്പ് തോട്ടുമുക്ക് ഭാഗത്ത് നിന്നാണ് ഇരുവരും പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം പെരുമണ്ണ ഭാഗത്ത് നിന്ന് 12 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പന്തീരാങ്കാവ് പോലീസും പിടികൂടിയിരുന്നു. പിടിയിലായ മുരളീധരന്‍ 100 കിലോയോളം കഞ്ചാവ് കാറില്‍ കടത്തിയതിന് പിടികൂടി ആന്ധ്ര ജയിലിലായിരുന്നു. ഇവിടെ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ തുടര്‍ന്നും കഞ്ചാവ് വില്‍പ്പനയ്ക്കിറങ്ങുകയായിരുന്നു. പിടിയിലായ ഇരുവരും അന്തര്‍സംസ്ഥാന ലോറികളില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
അന്ധ്രപ്രദേശിലെ കഞ്ചാവ് വില്‍പ്പനക്കാരുമായി ഇയാള്‍ക്ക് വലിയ ബന്ധങ്ങള്‍ ഉണ്ട് കഞ്ചാവ് തോട്ടത്തില്‍ പോയി കുറഞ്ഞ വിലയ്ക്കാണ് ഇയാള്‍ മയക്കുമരുന്ന് എത്തിക്കുന്നത് കൂടാതെ ഡ്രൈവര്‍ ആയതിനാല്‍ നാട്ടില്‍ നിന്നും ഇയാള്‍ വിട്ട് നിന്നിരുന്നതും സംശയത്തിന് ഇടയാക്കിയില്ല.പിന്നീട് പഴയ വാഹന വില്‍പനയിലേക്ക് തിരിഞ്ഞ ഇയാള്‍ അതിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കാറുകള്‍ വഴി നിരന്തരം കഞ്ചാവ് കടത്താന്‍ ആരംഭിക്കുകയായിരുന്നു. ഓരോ തവണയും ഓരോ വാഹനങ്ങള്‍ ഉപയോഗിക്കുന്നതും അന്യ സംസ്ഥാന വാഹന നമ്ബറുകള്‍ ഉപയോഗിക്കുന്നതും ഇയാളെ പിടിക്കുന്നതിന് പോലീസിന് ശ്രമകരമായി.
എന്നാല്‍, ഇയാളുടെ ലഹരി ഇടപാടുകളെക്കുറിച്ച് അറിഞ്ഞ പൊലീസ് വളരെ കാലമായി ഇയാളുടെ ഓരോ യാത്രകളും നിരീക്ഷിച്ചു. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡന്‍സാഫ് സ്‌കോഡും എസ്.ഐ പി.ടി. സെയ്ഫുള്ളയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളജ് പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.