കൊല്‍ക്കത്ത: സ്പൈസ്ജെറ്റ് വിമാനത്തില്‍ സഹയാത്രികന്‍ മോശമായി പെരുമാറിയതായി വനിതാ യാത്രക്കാരി. കൊല്‍ക്കത്തയില്‍ നിന്ന് പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്രയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനത്തിലായിരുന്നു സംഭവം.
പിന്നാലെ സഹയാത്രികന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെച്ച് യുവതിയോട് ക്ഷമാപണം നടത്തി. ഇതിന് ശേഷം യുവതി രേഖാമൂലം പരാതി നല്‍കിയില്ലെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജനുവരി 31 ന് ആണ് സംഭവം. യുവതിയും ആരോപണവിധേയനും അടുത്തുള്ള സീറ്റുകളില്‍ ഇരിക്കുകയായിരുന്നു. ഇയാള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ ആരോപണത്തെ തുടര്‍ന്ന് അവരെ വ്യത്യസ്ത സീറ്റുകളിലേക്ക് മാറ്റി.
തുടര്‍ന്ന് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അവരെ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് കൊണ്ടുപോയി. നടപടി വേണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും സഹയാത്രികന്‍ ക്ഷമാപണം നടത്തിയതോടെ പരാതിയൊന്നും നല്‍കിയില്ല.
‘സഹയാത്രികനെതിരെ നടപടിയെടുക്കണമെന്ന് യാത്രക്കാരി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുറ്റാരോപിതനായ സഹയാത്രികന്‍ സിഐഎസ്എഫ് ജീവനക്കാര്‍ക്കു മുന്നില്‍ ക്ഷമാപണം നടത്തുകയും വനിതാ യാത്രക്കാരി രേഖാമൂലമുള്ള പരാതിയൊന്നും നല്‍കാതെ വിമാനത്താവളം വിടുകയും ചെയ്തു.
ഇത് സ്പൈസ് ജെറ്റിന്റെ തുടര്‍ അന്വേഷണത്തെ തടസ്സപ്പെടുത്തി,” എയര്‍ലൈന്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. സാഹചര്യം പരിഹരിക്കാന്‍ ക്യാബിന്‍ ക്രൂ ഉടന്‍ ഇടപെട്ടതായും യാത്രയിലുടനീളം യുവതിക്ക് സഹായം നല്‍കിയതായും കമ്പനി അവകാശപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed