തിരുവനന്തപുരം: യൂണിവേഴ്‌സിറ്റികളിൽ സ്ഥിരം വൈസ്ചാൻസലർമാരെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധികളെ ഒരുമാസത്തിനകം നൽകിയിരിക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം ഫലം കാണുന്നു.
കേരള, അഗ്രികൾച്ചർ, കണ്ണൂർ യൂണിവേഴ്സിറ്റികൾ സെനറ്റ് വിളിച്ചു ചേർക്കാനുള്ള നടപടി തുടങ്ങി. കേരള യൂണിവേഴ്സിറ്റിയാണ് ആദ്യം സെനറ്റ് യോഗം വിളിച്ചത്. ഈ മാസം 16ന് സെനറ്റ് വിളിക്കാനാണ് താത്കാലിക വി.സി ഡോ.മോഹനൻ കുന്നുമ്മേലിന്റെ നിർദ്ദേശം.
പിന്നാലെ സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ നിശ്ചയിക്കാൻ കാർഷിക സർവകലാശാല 9ന് സെനറ്റ് യോഗം വിളിച്ചിരിക്കുകയാണ്. ഓൺലൈനായാണ് യോഗം. ഗവർണറുടെ നിർദ്ദേശപ്രകാരമാണിത്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സെനറ്റില്ലാത്തതിനാൽ അത് ഉടൻ പുന:സംഘടിപ്പിക്കും. അതിനു ശേഷമാവും പ്രതിനിധിയെ നൽകുക. ഇതിനുള്ള നടപടികൾ കണ്ണൂർ യൂണിവേഴ്സിറ്റി തുടങ്ങിക്കഴിഞ്ഞു.
സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ ഒരു മാസത്തിനകം നൽകാൻ ഗവർണർ വാഴ്സിറ്റികൾക്ക് നിർദ്ദേശം നൽകിയിരുന്നു. സെനറ്റ് ചേർന്നാലും പ്രതിനിധിയെ നിശ്ചയിക്കരുതെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ പ്രതിപക്ഷ അംഗങ്ങൾ പേര് നിർദ്ദേശിച്ചാൽ അത് ഗവർണർക്ക് അയയ്ക്കാൻ വി.സിക്കാവും.
കേരള യൂണിവേഴ്സിറ്റിയിൽ വി.സിയെ നിയമിക്കണമെന്ന കേസിൽ ഒരുമാസത്തിനകം സെർച്ച് കമ്മിറ്റി പ്രതിനിധിയെ നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇത് ലംഘിച്ചാൽ കോടതിയലക്ഷ്യമായി മാറും. ഇതെല്ലാം മുൻകൂട്ടി കണ്ടാണ് സർവകലാശാലകൾ സെനറ്റ് യോഗം വിളിക്കാനുള്ള നീക്കം തുടങ്ങിയത്.
കൊച്ചിയിലെ നിയമ സർവകലാശാലയായ നുവാൽസിലടക്കം 9 യൂണിവേഴ്സിറ്റികളിലാണ് വി.സിമാരില്ലാത്തത്. ഗവർണറുമായുള്ള ഉടക്ക് കാരണം സെർച്ച് കമ്മിറ്റിയിലേക്ക് വാഴ്സിറ്റികൾ പ്രതിനിധികളെ നൽകേണ്ടെന്ന സർക്കാർ നിർദ്ദേശം കാരണമാണ് സ്ഥിരം വി.സിമാരെ നിയമിക്കാനാവാത്തത്.
കേരള, എംജി, കുസാറ്റ്, കണ്ണൂർ, മലയാളം, സാങ്കേതികം, അഗ്രിക്കച്ചർ, ഫിഷറീസ് വാഴ്സിറ്രികൾക്കാണ് അന്ത്യശാസനവുമായി ഗവർണർ കത്തയച്ചത്. ഒരു മാസത്തിനുള്ളിൽ സെനറ്റ്, സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർത്ത് സെർച്ച് കമ്മിറ്റി പ്രതിനിധിയെ നൽകണം.
യൂണിവേഴ്സിറ്റികൾ നടപടിയെടുക്കുന്നില്ലെങ്കിൽ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വി.സി നിയമനത്തിന് സ്വന്തമായി കമ്മിറ്റി രൂപീകരിക്കുമെന്നും കത്തിലുണ്ട്. ചാൻസലർ, യു.ജി.സി, സെനറ്റ് അല്ലെങ്കിൽ സിൻഡിക്കേറ്റ് പ്രതിനിധികളാണ് സെർച്ച് കമ്മിറ്റിയിലുണ്ടാവേണ്ടത്.
സർവകലാശാലാ നിയമപ്രകാരം സെർച്ച് കമ്മിറ്റികളിൽ സെനറ്റ് പ്രതിനിധി നിർബന്ധമാണ്. പ്രതിനിധിയെ നൽകാൻ സെനറ്റ് തയ്യാറല്ല. കേരള, എം.ജി, കണ്ണൂർ, കാർഷിക യൂണിവേഴ്സിറ്റികളിൽ സെനറ്റിനും മറ്റിടങ്ങളിൽ സിൻഡിക്കേറ്റിനുമാണ് സെർച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കാനുള്ള അധികാരം.
കേരള യൂണിവേഴ്സിറ്റി സെനറ്റിൽ ഇടത് അംഗങ്ങൾ പങ്കെടുത്തില്ലെങ്കിലും കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ പങ്കെടുത്താൽ സെനറ്റിന്റെ 25അംഗ ക്വോറം തികയ്ക്കാനാവും. അതിനാൽ ഇടത് അംഗങ്ങൾ എതിർത്താലും സെർച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാനാവും. മുൻപ് നാലു വട്ടം ഗവർണർ നിർദ്ദേശിച്ചെങ്കിലും വി.സി നിയമനത്തിന് നടപടിയുണ്ടായിരുന്നില്ല.
സെനറ്റ് പ്രതിനിധിയില്ലാതെ ഗവർണർ രൂപീകരിച്ച രണ്ടംഗ സെർച്ച് കമ്മിറ്റി ഹൈക്കോടതി തടഞ്ഞിരുന്നു. വി.സി നിയമനത്തിൽ ഗവർണർക്ക് പരമാധികാരമുണ്ടെന്ന് കണ്ണൂർ വി.സിയെ പുറത്താക്കിയ ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതാണ് ഗവർണർക്ക് ഇപ്പോഴത്തെ നീക്കങ്ങൾക്ക് ബലം പകരുന്നത്.