ജിദ്ദ:    15 രാജ്യങ്ങള്‍ പങ്കെടുത്ത അറബ് ജൂനിയര്‍ ആൻഡ് സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സൗദിയെ പ്രതിനിധീകരിച്ച മലയാളി വിദ്യാർത്ഥിനി മൂന്ന് മെഡലുകൾ കൊയ്തെടുത്തു.    കൊടുവള്ളി സ്വദേശിനിയും റിയാദിലെ സ്കൂൾ വിദ്യാർഥിയുമായ ഖദീജ നിസ ആണ്  മെഡൽത്രയത്തിൽ മുത്തമിട്ടത്.    റിയാദിൽ ജോലിചെയ്യുന്ന കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ് കോട്ടുരിന്റെയും ഷാനിദയുടെയും മൂന്നാമത്തെ മകളാണ് ഖദീജ നിസ.
സിറിയ, ജോർദന്‍, ഇറാഖ്, ബഹ്‌റൈന്‍, ഫലസ്തീന്‍, ഈജിപ്ത്, ലബനൻ, അള്‍ജീരിയ, സുഡാന്‍, മൊറോക്കൊ, മൗറിത്താനിയ, തുനീഷ്യ, ലിബിയ, ഒമാന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച് നൂറിലധികം താരങ്ങളാണ് ഇതാദ്യമായി സൗദിയിൽ അരങ്ങേറിയ ടൂര്ണമെൻറ്റിൽ മാറ്റുരച്ചത്.   അഞ്ച് ദിവസം നീണ്ട ടൂർണമെന്റ്  റിയാദിൽ സമാപിച്ചു.    സൗദിയിൽ ജനിച്ചുവളർന്ന വിദേശികൾക്കും ദേശീയ ഗെയിംസിൽ പങ്കെടുക്കാം എന്ന നിയമമാണ് മലയാളി കായിക താരത്തിന്  വഴിതുറന്നത്.
അണ്ടര്‍ 19 മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം, ഗേള്‍സ് ഡബിള്‍സില്‍ വെള്ളി, ഗേള്‍സ് സിംഗിള്‍സില്‍ വെങ്കലം എന്നിങ്ങനെയാണ് മെഡൽ നേട്ടം. മിക്‌സഡ് ഡബിള്‍സില്‍ സൗദിയിൽനിന്നുള്ള യമസാന്‍ സൈഗും ഗേള്‍സ് ഡബിള്‍സില്‍ അല്‍ ബുതുല്‍ അല്‍ മുതൈരിയുമാണ് ഖദീജയോടൊപ്പം കളത്തിലിറങ്ങിയത്.
സൗദി ദേശീയ ഗെയിംസില്‍ രണ്ട് തവണ സ്വര്‍ണം നേടിയ ഖദീജ നിസ സൗദി അറേബ്യക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം എട്ടിലധികം രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത് രണ്ട് സ്വര്‍ണം ഉള്‍പ്പെടെ 10 മെഡലുകള്‍ നേടിയിരുന്നു. 
പ്രവാസ ദേശത്തിന് വേണ്ടി  നേട്ടങ്ങൾ അടിച്ചെടുത്ത മലയാളി  മിടുക്കിയാണ് സൗദിയിലെ കായിക പ്രേമികളുടെയും കായിക പ്രസിദ്ധീകരണങ്ങളുടെയും  ഇഷ്ടപാത്രമാവുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *