മോഡലും നടിയുമായ പൂനം പാണ്ഡെയുടെ മരണ വാര്‍ത്തയും പിന്നാലെയുണ്ടായ സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. താന്‍ മരിച്ചിട്ടില്ലെന്നും വ്യാജ മരണവാര്‍ത്തക്കു പിന്നില്‍ താന്‍ തന്നെയായിരുന്നുവെന്നും വ്യക്തമാക്കി പൂനം പാണ്ഡെ രംഗത്തെത്തുകയും ചെയ്തു. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചു മരിച്ചുവെന്ന തരത്തില്‍ വെള്ളിയാഴ്ചയാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.
ഗര്‍ഭാശയ കാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി താന്‍ തന്നെ പുറത്തുവിട്ട വാര്‍ത്തായായിരുന്നു അതെന്ന് നടി വീഡിയോയിലൂടെ വിശദീകരിക്കുകയും ചെയ്തു. പൂനം പാണ്ഡെയ്ക്കെതിരെ വലിയ രീതിയിലെ വിമര്‍ശനമാണ് പിന്നാലെ ഉയര്‍ന്നത്. നടിയുടെ പ്രവൃത്തി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്.
സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനുള്ള തീരുമാനം മികച്ചതാണെങ്കിലും സ്വീകരിച്ച രീതി തെറ്റാണെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. സ്വന്തം മരണത്തെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് വെറുപ്പുളവാക്കുന്നതും നാണക്കേടും അപമാനകരവുമാണെന്ന് നടി പിയ ബാജ്പേയ് പറഞ്ഞു. താരത്തിന്റെ പ്രവര്‍ത്തി തെറ്റായ മാതൃകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
അതേസമയം താരത്തെ പിന്തുണച്ച് രാം ഗോപാല്‍ വര്‍മ്മ ഉള്‍പ്പെടെയുള്ളവരും എത്തി. സ്വീകരിച്ച രീതി തെറ്റായെങ്കിലും പൂനത്തിന്റെ ഉദ്ദേശ ശുദ്ധിയെ അഭിനന്ദിക്കുന്നുവെന്ന് സംവിധായകന്‍ രാം?ഗോപാല്‍ വര്‍മ പറഞ്ഞു. പൂനം കാരണം സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ചുള്ള ചര്‍ച്ച എല്ലായിടത്തും ട്രെന്‍ഡിങ് ആണെന്നും നടിക്ക് ദീര്‍ഘായുസ്സും സന്തുഷ്ടകരമായ ജീവിതവും ആശംസിക്കുന്നുവെന്നും സംവിധായകന്‍ എക്സില്‍ കുറിച്ചു.