സംസ്ഥാനത്തെ വിവിധ യൂണിറ്റുകളില്‍ നിന്നും കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി. 2019ല്‍ കേരളം തമിഴ്നാടുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. വോള്‍വോ ലോ ഫ്ളോര്‍ എസി, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് സര്‍വീസുകള്‍ക്കായി കെഎസ്ആര്‍ടിസി ഉപയോഗിക്കുക. പ്രധാനമായും പൊള്ളാച്ചി, കോയമ്പത്തൂര്‍, തെങ്കാശി, തേനി, വാളയാര്‍, കമ്പംമേട്, ചെങ്കോട്ട, ആനക്കട്ടി, ഉദുമല്‍പേട്ട് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍വ്വീസുകളെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. 
യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന തരത്തിലാണ് ഓരോ സര്‍വീസുകളും ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിലെ മിക്ക യൂണിറ്റുകളില്‍ നിന്നും  സര്‍വീസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വീസുകളുടെ സമയക്രമം, ഓപ്പറേറ്റ് ചെയ്യുന്ന യൂണിറ്റ് തുടങ്ങിയ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വഴി അറിയിക്കുമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.
അടുത്തിടെ തിരുവനന്തപുരം നഗരത്തിലോടുന്ന ഇലക്ട്രിക് ബസുകള്‍ വിജയകരമല്ലെന്ന് വ്യക്തമാക്കി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. ഈ ബസ്സുകളില്‍ നിന്നും ലഭിക്കുന്നത് തുച്ഛമായ ലാഭമാണെന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ടുതന്നെ പുതുതായി ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ പണം ഉണ്ടാകണമെങ്കില്‍ വരവ് പരമാവധി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കണം. വലിയ മാറ്റം ഉണ്ടാകുമെന്ന് വ്യക്തമാക്കി രംഗത്ത് കൊണ്ടുവന്ന ഇലക്ട്രിക് ബസുകള്‍ വിജയമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *