താമരശേരി: അമേരിക്കയില്‍നിന്ന് അയയ്ക്കുന്ന സ്വര്‍ണവും ഡോളറുമടങ്ങിയ പായ്ക്കറ്റ് കൈപ്പറ്റണമെന്ന വ്യാജസന്ദേശം വിശ്വസിച്ച് പണം അയച്ചുകൊടുത്ത വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് 15.25 ലക്ഷം രൂപ. ഈങ്ങാപ്പുഴ സ്വദേശിനിയായ മുപ്പത്തിയാറുകാരിയാണ് കബളിപ്പിക്കപ്പെട്ടത്. 
2023 ഡിസംബര്‍ 26നാണ് ഫോണില്‍ വാട്സാപ്പ് സന്ദേശമെത്തിയത്. യുവതിയുടെ അമേരിക്കയിലുള്ള സ്ത്രീസുഹൃത്തിന്റെ ബന്ധുവിന് നല്‍കാനായി പാക്കേജ് കൈപ്പറ്റണമെന്നായിരുന്നു സന്ദേശത്തില്‍. വര്‍ഷങ്ങള്‍ക്കുമുമ്പ്് ഒപ്പം ജോലിചെയ്ത സുഹൃത്താണെന്നുപറഞ്ഞായിരുന്നു വാട്സാപ്പ് വഴി ബന്ധപ്പെട്ടത്. ബന്ധു നാട്ടിലില്ലാത്തതിനാല്‍ ഈങ്ങാപ്പുഴ സ്വദേശിനിയുടെ മേല്‍വിലാസത്തില്‍ പാക്കേജ് അയക്കുമെന്നും ബന്ധു നാട്ടില്‍വന്നാല്‍ നല്‍കണമെന്നുമായിരുന്നു അറിയിച്ചത്.
പാക്കേജ് അയച്ചുകഴിഞ്ഞതായും അതില്‍ സ്വര്‍ണവും അറുപതിനായിരം യു.എസ്. ഡോളറും വച്ചിട്ടുണ്ടെന്നും അത് പുറത്തറിയിക്കരുതെന്നും പറഞ്ഞ് പിന്നീട് വാട്സാപ്പ് കോളെത്തി. പാക്കേജിന്റെ ഫോട്ടോയും അയച്ചുനല്‍കി. പിന്നീട് ഡല്‍ഹിയിലെ കൊറിയര്‍ കമ്പനിയില്‍നിന്ന് വിളിക്കുകയാണെന്നുപറഞ്ഞ് ആദ്യം മുപ്പതിനായിരം രൂപയും പിന്നീട് അറുപതിനായിരം രൂപയും കൂറിയര്‍ ചാര്‍ജായി അടപ്പിച്ചു. പാക്കേജില്‍ സ്വര്‍ണവും പണവുമാണെന്ന് വ്യക്തമായതായും കസ്റ്റംസ് ക്ലിയറന്‍സിനും നികുതിയിനത്തിലും മറ്റുമായി വീണ്ടും പണമടയ്ക്കണമെന്നും വിളിച്ചവര്‍ ആവശ്യപ്പെട്ടു.
പിന്നീട് പതിന്നാല് ലക്ഷത്തോളം രൂപയും കൊറിയര്‍ ഇടപാടിനായി ഏതാനും ഡോളറും വീട്ടമ്മ ഡല്‍ഹിയിലെ കനറാബാങ്കിലെയും ഫെഡറല്‍ ബാങ്കിലെയും ശാഖകളിലെ അക്കൗണ്ടുകളിലേക്ക് അടച്ചു.തുടര്‍ന്നും പത്തുലക്ഷം രൂപകൂടി ആവശ്യപ്പെട്ടതോടെ സംശയം തോന്നുകയായിരുന്നു. ബാങ്കില്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് സ്ഥിരീകരിച്ചത്. ഇവരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *