കേരളത്തെ സംബന്ധിച്ചിടത്തോളം ബജറ്റ് തയ്യാറാക്കുക എന്നത് എക്കാലത്തെയും ധനകാര്യ മന്ത്രിമാര്‍ക്ക് വലിയ വെല്ലുവിളി തന്നെയാണ്. സാമ്പത്തിക വരുമാനവും നികുതി സ്രോതസുകളുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ കൈയില്‍ ചുരുക്കിപ്പിടിച്ചിരിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ച്.
സംസ്ഥാന ബജറ്റ് തിങ്കളാഴ്ച അവതരിപ്പിക്കാന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയാക്കിയിരിക്കെ സംസ്ഥാനത്തിന്‍റെ വളര്‍ച്ച എങ്ങോട്ട് എന്ന ചോദ്യത്തിനു വലിയ പ്രസക്തിയുണ്ട്.
രാഷ്ട്രീയ കാരണംകൊണ്ട് കേരളത്തിന്‍റെ വളര്‍ച്ചയ്ക്ക് എല്ലാവിധ തടസങ്ങളും സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുണ്ടെങ്കിലും സകല വെല്ലുവിളികളെയും നേരിട്ട് സംസ്ഥാനം പിടിച്ചു നില്‍ക്കുന്നു എന്നതാണ് വലിയ കാര്യം. ബജറ്റിനു മുന്നോടിയായി പ്രസിദ്ധീകരിച്ച സാമ്പത്തികാവലോകന റിപ്പോര്‍ട്ടില്‍ (ഇക്കണോമിക് റെവ്യു) ഇക്കാര്യം വിശദീകരിക്കുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് 2022 – 23ലെ മൊത്ത ആഭ്യന്തര ഉല്പാദനം (ജി.എസ്.ഡി.പി) 6.6 ശതമാനവും നികുതി വരുമാനം 23.36 ശതമാനവും വളര്‍ച്ച നേടി
പ്രതിശീര്‍ഷ വരുമാനം, കാര്‍ഷികോല്പാദനം, വ്യാവസായികോല്പാദനം എന്നിങ്ങനെയുള്ള വിവിധ മേഖലകളിലും സംസ്ഥാനം പുരോഗതിയുടെ വഴിയില്‍ത്തന്നെ.
സ്വന്തം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ വലിയ ഫണ്ടും പിന്തുണയുമെല്ലാം പിന്നെയും പിന്നെയും കൊടുത്തിട്ടും അവിടെയെങ്ങും കാണാത്ത വികസന മുന്നേറ്റമാണ് കേരളത്തില്‍ കാണുന്നത്.
പൊതുവായ വികസന സൂചികകളുടെയെല്ലാം കാര്യത്തില്‍ കേരളം അന്നും ഇന്നും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യം തന്നെ.
1990 മുതല്‍ തന്നെ ഐക്യരാഷ്ട്ര സംഘടന രാജ്യങ്ങളുടെ വികസനത്തെ അളക്കുന്നതിനായി കൈക്കൊണ്ടിട്ടുള്ള മാനവ വികസന സൂചിക പ്രകാരം (ഹ്യൂമന്‍ ഡെവലപ്മെന്‍റ് ഇന്‍ഡക്സ്) പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ആളോഹരി വരുമാനം എന്നിങ്ങനെയുള്ള ഘടകങ്ങളിലൊക്കെയും കേരളം മുന്നില്‍ നില്‍ക്കുന്നു.
യൂറോപ്പ്, അമേരിക്ക തുടങ്ങിയ വികസന രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ കേരളത്തിന്‍റെ ആളോഹരി വരുമാനം തീരെ കുറവാണ്. എങ്കിലും ജനന – മരണ നിരക്ക്, ശിശു മരണ നിരക്ക്, ആയുര്‍ ദൈര്‍ഘ്യം എന്നിങ്ങനെ ആരോഗ്യ നിലവാരം അളക്കുന്ന ഘടകങ്ങളിലൊക്കെയും കേരളം വികസിത രാജ്യങ്ങളോടൊപ്പം നില്‍ക്കുകയും ചെയ്തുന്നു.
എക്കാലത്തും ലോകത്തെ പ്രമുഖ ധനതത്വ ശാസ്ത്രജ്ഞന്മാരെ അത്ഭുതപ്പെടുത്തിയിട്ടുള്ള കാര്യം തന്നെയാണിത്. ‘കേരള വികസന മാതൃക’ എന്ന പേരില്‍ ഇതു പ്രസിദ്ധമാവുകയും ചെയ്തു.
ഐക്യ കേരള രൂപീകരണം തൊട്ടിങ്ങോട്ട് കേരളം ഭരിച്ച ജനകീയ സര്‍ക്കാരുകളുടെയൊക്കെ തുടര്‍ച്ചയായ ഭരണം എക്കാലത്തും സുസ്ഥിരവും സമഗ്രവുമായ സാമൂഹ്യ വളര്‍ച്ചയെത്തന്നെയാണു ലക്ഷ്യം വച്ചിരുന്നത്. 1957 -ലെ ഇ.എം.എസ് സര്‍ക്കാര്‍ ലക്ഷ്യം വെച്ച വിദ്യാഭ്യാസ പരിഷ്കരണവും ഭൂപരിഷ്കരണവും ഈ വളര്‍ച്ചയ്ക്ക് അടിത്തറയിട്ടുവെന്ന കാര്യവും പ്രധാനം തന്നെ.
പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും കേരളം കൈവരിച്ച നേട്ടങ്ങള്‍ തന്നെയാണ് ലോകത്തിന്‍റെ നെറുകയില്‍ കേരളം ശോഭയോടെ നില്‍ക്കാന്‍ കാരണമായത്.
വ്യാവസായികമായി ഗുജറാത്ത്, തമിഴ്‌നാട് എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളുമായി മത്സരിക്കാന്‍ കേരളത്തിനാവില്ല. വലിയ വ്യവസായങ്ങള്‍ക്ക് ആവശ്യമായ സ്ഥല വിസ്തൃതി കേരളത്തിനില്ല എന്നതുതന്നെ കാരണം. വലിയ വ്യവസായങ്ങളില്ലാത്തതിനാല്‍ ഉയര്‍ന്ന നികുതി പിരിവിനുള്ള സാധ്യതകളും കുറയുന്നു.
സംസ്ഥാനത്തിന്‍റെ വായ്പാ പരിധിക്കും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കല്‍പ്പിച്ചിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കടമെടുക്കാനും പ്രയാസം. റിസര്‍വ്വ് ബാങ്കിന്‍റെ സമ്മതത്തോടെ കിഫ്ബി മസാലാ ബോണ്ട് വഴി പണം സമാഹരിച്ചതിനെതിരെ ഇ.ഡി അന്വേഷണം തുടങ്ങിയിട്ടു കാലം കുറെയായി.
കഴിഞ്ഞ സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ പലതവണ നോട്ടിസയച്ചിട്ടും ഐസക്ക് ഇ.ഡിക്കുമുമ്പില്‍ ഹാരജാകാന്‍ കൂട്ടാക്കിയില്ല. കുറ്റമെന്തെന്നു പറയാതെ നോട്ടീസയയ്ക്കാന്‍ ഇ.ഡിക്കെന്തധികാരം എന്നാണ് ഡോ. ഐസക്കിന്‍റെ ചോദ്യം.
വലിയ കടഭാരവുമായിത്തന്നെയാണു സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെങ്കിലും സ്വന്തം വഴിയ്ക്കു പണം വായ്പയെടുത്തു തന്നെ കിഫ്ബി കേരളത്തില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
നാടാകെ ഇപ്പോള്‍ ഉയരുന്ന ഫ്ലൈ ഓവറുകളും സ്കൂള്‍ കെട്ടിടങ്ങളും പാലങ്ങളുമൊക്കെ കിഫ്ബിയുടെ നേട്ടങ്ങള്‍ തന്നെയാണ്. സര്‍ക്കാരിനെ കടമെടുക്കാന്‍ സമ്മതിക്കാത്ത കേന്ദ്രത്തിനെ വെട്ടിച്ചു നടത്തുന്ന ഒരു സാമ്പത്തിക പ്രക്രിയ.
പട്ടിണിയില്ലാത്ത, ദാരിദ്ര്യമില്ലാത്ത, പരസ്പര സ്പര്‍ദ്ധയില്ലാത്ത ഒരു സമൂഹം കേരളത്തില്‍ വളര്‍ന്നു വരികയാണ്. സാമൂഹ്യ പെന്‍ഷനുകളും മറ്റും വിതരണം ചെയ്യാന്‍ തന്നെ സര്‍ക്കാരിന് വലിയ തുക മാറ്റിവയ്ക്കേണ്ടതായി വരുന്നു.
വരുമാനത്തിന്‍റെ സിംഹഭാഗവും ശമ്പളത്തിനും പെന്‍ഷനും വേണ്ടി മാറ്റവെയ്ക്കേണ്ടിവരുന്ന ഒരു സര്‍ക്കാരിന്‍റെ ധനകാര്യ മന്ത്രിക്ക് പുതിയ വികസന പദ്ധതികള്‍ക്കു പണം കണ്ടെത്തുക ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്.
അതെ. മന്ത്രി കെ.എന്‍ ബാലഗോപാലിനു മുന്നില്‍ വിണ്ടുമൊരു വെല്ലുവിളി.