ബെനോനി -ആദ്യം ബാറ്റ് ചെയ്ത് 155 ന് ഓളൗട്ടായെങ്കിലും ആവേശോജ്വലമായി ആ സ്‌കോര്‍ പ്രതിരോധിച്ച പാക്കിസ്ഥാന്‍ അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലിലെ അവസാന സ്ഥാനം സ്വന്തമാക്കി. അഞ്ചു വിക്കറ്റെടുത്ത ഉബൈദ് ഷായും മൂന്നു വിക്കറ്റ് വീഴ്ത്തിയ അലി റാസയും വിജയത്തിന് ആറ് റണ്‍സ് അരികെ ബംഗ്ലാദേശിനെ പിടിച്ചുകെട്ടി. 127ലുള്ളപ്പോള്‍ ബംഗ്ലാദേശിന് ഒമ്പതാമത്തെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും റൂഹാനത് ബൂര്‍സോണ്‍ (21 നോട്ടൗട്ട്) അവിസ്മരണീയ ഇന്നിംഗ്‌സോടെ ബംഗ്ലാദേശിനെ സെമിയിലെത്തിക്കുമെന്ന് തോന്നിയിരുന്നു. എന്നാല്‍ മഅറൂഫ് മിര്‍ദയെ ബൗള്‍ഡാക്കി മുഹമ്മദ് സീഷാന്‍ പാക്കിസ്ഥാന് സെമിയിലേക്ക് വഴി കാട്ടി. ബൂര്‍സോണ്‍ നേരത്തെ നാലു വിക്കറ്റുമെടുത്തിരുന്നു.
പാക്കിസ്ഥാന്‍ സീനിയര്‍ ടീമിലെ നസീം ഷായുടെ അനുജനാണ് ഉബൈദ് ഷാ. ജയിക്കാന്‍ നാലു വിക്കറ്റ് ശേഷിക്കെ ബംഗ്ലാദേശിന് 37 റണ്‍സ് മതിയായിരുന്ന ഘട്ടത്തില്‍ മുഹമ്മദ് ശിഹാദിനെ ഉബൈദ് കൈവിട്ടിരുന്നു. എന്നാല്‍ അടുത്ത ഓവറില്‍ ശിഹാദിനെ ഉബൈദ് പുറത്താക്കി.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും ഓസ്‌ട്രേലിയയും ആതിഥേയരായ ദക്ഷിണാഫ്രിക്കയുമാണ് സെമിയിലെത്തിയ മറ്റു ടീമുകള്‍. നേപ്പാളിനെയും തകര്‍ത്ത ഇന്ത്യ ഗ്രൂപ്പ് ഒന്നില്‍ ഒന്നാം സ്ഥാനത്താണ്, എ്ട്ട് പോയന്റ്. പാക്കിസ്ഥാന്‍ രണ്ടാം സ്ഥാനത്തെത്തി. ഗ്രൂപ്പ് രണ്ടില്‍ മഴ വെസ്റ്റിന്‍ഡീസിന്റെ വഴി മുടക്കിയതോടെ ഏഴ് പോയന്റുമായി ഓസ്‌ട്രേലിയയും ആറ് പോയന്റുമായി ദക്ഷിണാഫ്രിക്കയും മുന്നേറി.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ആതിഥയരായ ദക്ഷിണാഫ്രിക്കയെയായിരിക്കും മിക്കവാറും സെമിയില്‍ നേരിടേണ്ടി വരിക.
കിംബര്‍ലി ഓസ്‌ട്രേലിയ-വെസ്റ്റിന്‍ഡീസ് മത്സരം മഴ തടസ്സപ്പെടുത്തിയതാണ് ഗ്രൂപ്പ് രണ്ടിലെ സെമിഫൈനലിസ്റ്റുകളെ നിര്‍ണയിച്ചത്. വിന്‍ഡീസ് ബൗളിംഗിന് മുന്നില്‍ അഞ്ചിന് 87 ലേക്ക് തകര്‍ന്ന ഓസീസിനെ സാം കോണ്‍സ്റ്റാസും റാഫ് മാക്മിലനും ചേര്‍ന്ന് എട്ടിന് 227 ലെത്തിക്കുകയായിരുന്നു. പിന്നീട് സീമര്‍ ചാര്‍ലി ഓസ്റ്റിന്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ പാസ്‌കലിനെയും ജോഷ്വ ഡോര്‍ണിയയെയും പുറത്താക്കി. സ്‌കോര്‍ രണ്ടിന് 24 ല്‍ നില്‍ക്കെ മഴ കളി തടസ്സപ്പെടുത്തി.
ശ്രീലങ്കയെ 119 റണ്‍സിന് ദക്ഷിണാഫ്രിക്ക തോല്‍പിച്ചു. ക്വേന എംഫാക ആറു വിക്കറ്റെടുത്തു. ഓപണര്‍ ലുവാന്‍ പ്രിറ്റോറിസ് 71 റണ്‍സ് നേടി.
സൂപ്പര്‍ സിക്‌സിലെ രണ്ടാം മത്സരത്തില്‍ നേപ്പാളിനെ 132 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ക്യാപ്റ്റന്‍ ഉദയ് സഹാരണും (107 പന്തില്‍ 100) സചിന്‍ ദാസും (101 പന്തില്‍ 116) നേടിയ സെഞ്ചുറികളില്‍ ഇന്ത്യ അഞ്ചിന് 297 റണ്‍സെടുത്തപ്പോള്‍ നേപ്പാളിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അവസാന ജോഡി പതിനൊന്നോവറിലേറെ പിടിച്ചു നിന്നു.
ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ചുറിയടിച്ച മുശീര്‍ ഖാന്‍ (9 നോട്ടൗട്ട്) പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ ദേവ് ഖനാലാണ് (33) നേപ്പാളിന്റെ ടോപ്‌സ്‌കോറര്‍. സൗമ്യ പാണ്ഡെ നാല് വിക്കറ്റെടുത്തു (10-1-29-4). അര്‍ഷിന്‍ കുല്‍ക്കര്‍ണിക്ക് രണ്ടു വിക്കറ്റ് കിട്ടി (4-1-18-2). ഇന്ത്യ എട്ട് ബൗളര്‍മാരെ ഉപയോഗിച്ചു.
2024 February 3Kalikkalamtitle_en: under-19 World Cup Pakistan into the semi-finals