ലണ്ടൻ: ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലസ്തീൻ അനുകൂലികളായ 10,000 പേർ ലണ്ടനിലൂടെ മാർച്ച് നടത്തി. വൈറ്റ്ഹാളിലെ പ്രസംഗങ്ങൾക്ക് ഏകദേശം 20,000 ഫലസ്തീൻ അനുകൂലികൾ സംഘടിച്ചതായും സ്കോട്ട്‌ലൻഡ് യാർഡ് അധികൃതർ അറിയിച്ചു.
പോർട്ട്‌ലാൻഡ് പ്ലേസിൽ നിന്നും തുടക്കമിട്ട മാർച്ച് വൈറ്റ്‌ഹാളിൽ സംഗമിക്കുകയായിരുന്നു. സുരക്ഷ കണക്കിലെടുത്തു മെട്രോപൊളിറ്റൻ പോലീസിലെ നൂറുകണക്കിന് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി വിന്യസിച്ചിരുന്നു.
ഒക്‌ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,300 പേർ കൊല്ലപ്പെടുകയും 240 – ലധികം പേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തതിനെത്തുടർന്ന്, ഇരു രാജ്യങ്ങളും തമ്മിൽ നിരന്തരമായ ആക്രമണങ്ങൾ ആണ് നടക്കുന്നത്.
പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന എട്ടാമത്തെ ദേശീയ മാർച്ചാണ് ലണ്ടനിൽ നടത്തിയതെന്ന് പലസ്തീൻ സോളിഡാരിറ്റി കാമ്പയിൻ (പിഎസ്‌സി) നേതാക്കൾ പറഞ്ഞു.
ഏകദേശം 10,000 പ്രകടനക്കാർ ലണ്ടൻ്റെ വെസ്റ്റ് എൻഡിലൂടെ മാർച്ച് ചെയ്തിട്ടുണ്ടെന്ന് സ്കോട്ട്‌ലൻഡ് യാർഡ് അധികൃതർ കണക്കുകൂട്ടുന്നു. വൈറ്റ്ഹാളിലെ പ്രസംഗങ്ങൾക്ക് ഒത്തുകൂടിയത് 20,000 – ത്തിലധികം പേർ വരുമെന്നും അധികൃതർ വ്യക്തമാക്കി.
സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള രക്തച്ചൊരിച്ചിലിൻ്റെ ഭയാനകമായ ചിത്രങ്ങൾക്കൊപ്പം “കൊലപാതകം അവസാനിപ്പിക്കുക” എന്ന് എഴുതിയ ബാനറുകൾ ഉയർത്തിക്കൊണ്ടായിരുന്നു പ്രകടനക്കാർ അണിനിരന്നത്.
“കുട്ടികളെ സ്വതന്ത്രമാക്കുക”, “പലസ്തീനിന് സ്വാതന്ത്ര്യം”, “ഇസ്രായേലിനെ ബഹിഷ്കരിക്കുക” എന്നിങ്ങനെ ആലേഖനം ചെയ്ത ബാനറുകളും പ്രകടനക്കാർ വഹിച്ചിരുന്നു.