ഡല്‍ഹി: ഏകീകൃത സിവിൽ കോഡ് (യുസിസി) ബിൽ ചർച്ച ചെയ്യുന്നതിനും പാസാക്കുന്നതിനുമായി ഉത്തരാഖണ്ഡ് നിയമസഭ പ്രത്യേക സമ്മേളനം ചേരുന്നതിന് മൂന്ന് ദിവസം മുമ്പ്, കരട് രേഖ തയ്യാറാക്കുന്നതിനായി രൂപീകരിച്ച അഞ്ചംഗ സമിതി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
പ്രത്യേക പദവി അനുവദിച്ചിരിക്കുന്നതിനാൽ യുസിസിയ്‌ക്കെതിരെ വിയോജിപ്പ് പ്രകടിപ്പിക്കുന്ന ആദിവാസികളെ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് സമിതിയുടെ റിപ്പോർട്ട് ശുപാർശ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിൽ 2.9% ഗോത്രവർഗ്ഗക്കാരാണുള്ളത്. ഇതിൽ ജൗൻസാരി, ഭോട്ടിയ, തരൂസ്, റജിസ്, ബുക്‌സാസ് എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നു.
മുസ്ലീം വ്യക്തിനിയമമനുസരിച്ച് വിവാഹത്തെയും വിവാഹമോചനത്തെയും നിയന്ത്രിക്കുന്ന ഹലാല, ഇദ്ദത്ത്, മുത്തലാഖ് എന്നിവ ശിക്ഷാർഹമായ കുറ്റങ്ങളാക്കുന്നതാണ് റിപ്പോർട്ടിലെ പ്രധാന വശങ്ങൾ. ബഹുഭാര്യത്വ നിരോധനത്തിനും റിപ്പോർട്ട് ശുപാർശ ചെയ്തിട്ടുണ്ട്.
ലിവ്-ഇൻ ബന്ധങ്ങൾക്ക് നിർബന്ധമായും രജിസ്‌ട്രേഷൻ വേണമെന്നും സമിതി നിർദേശിച്ചതായാണ് വിവരം. സ്ത്രീകളുടെ ഏറ്റവും കുറഞ്ഞ നിയമപരമായ വിവാഹപ്രായവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിയമപരമായ പ്രായം 18 വയസ്സ് നിലനിർത്താനും അത് 21 വയസ്സായി ഉയർത്താനുമുള്ള നിർദ്ദേശങ്ങളും ഡ്രാഫ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അന്തിമ ബില്ലിന് രൂപം നൽകുമ്പോൾ ഈ നിർദ്ദേശങ്ങളിൽ ഏതെങ്കിലും ഒന്നിൽ സർക്കാർ തീരുമാനമെടുക്കും. ദത്തെടുക്കൽ അവകാശങ്ങൾ എല്ലാവർക്കും തുല്യമാക്കുന്നതിന്, ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണം) നിയമത്തിന് കീഴിൽ നിലവിലുള്ള നിയമങ്ങൾ ഏകീകൃതമായി പാലിക്കാൻ റിപ്പോർട്ടിൽ ശുപാർശകൾ നൽകിയിട്ടുണ്ട്.
വ്യാഴാഴ്ച അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ, അതിവേഗ ജനസംഖ്യാ വളർച്ചയും ജനസംഖ്യാപരമായ മാറ്റങ്ങളും മൂലം ഉണ്ടാകുന്ന വെല്ലുവിളികൾ നേരിടാൻ ഉന്നതാധികാര സമിതി രൂപീകരിക്കാനുള്ള പദ്ധതികൾ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഈ വിഷയത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങളും ഉത്തരാഖണ്ഡിലെ യുസിസി ബില്ലിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് റിപ്പോർട്ടിൽ ശുപാർശകളൊന്നും നൽകിയിട്ടില്ലെന്നാണ് വിവരം. 800 പേജുള്ള റിപ്പോർട്ട് നാല് വാല്യങ്ങളായാണ് തിരിച്ചിരിക്കുന്നത്. ആദ്യം കമ്മിറ്റി റിപ്പോർട്ട്, രണ്ടാമത്തേത് ഇംഗ്ലീഷിലുള്ള ഡ്രാഫ്റ്റ് കോഡ്, മൂന്നാമത്തേത് കമ്മിറ്റിയുടെ പബ്ലിക് കൺസൾട്ടേഷൻ റിപ്പോർട്ടും, നാലാം വാല്യം ഹിന്ദിയിലുള്ള ഡ്രാഫ്റ്റ് കോഡുമാണ്.
2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യുസിസി നടപ്പാക്കുമെന്ന് ബിജെപി നൽകിയ വാഗ്ദാനത്തെക്കുറിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
തങ്ങളുടെ വാഗ്ദാനമനുസരിച്ച്, ആദ്യ മന്ത്രിസഭാ യോഗത്തിൽ വിരമിച്ച സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചതായി ധാമി പറഞ്ഞു. റിപ്പോർട്ട് പരിശോധിച്ച ശേഷം സർക്കാർ യുസിസി നിയമത്തിന്റെ കരട് ഉടൻ തയ്യാറാക്കുമെന്നും ധാമി വ്യക്തമാക്കി.
കമ്മിറ്റി രൂപീകരിച്ചതിനുശേഷം, പൊതുജനങ്ങളിൽ നിന്ന് 2.3 ലക്ഷത്തിലധികം നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. അവയിൽ ഭൂരിഭാഗവും കത്തുകൾ, രജിസ്റ്റർ ചെയ്ത പോസ്റ്റുകൾ, ഇമെയിലുകൾ, ഓൺലൈൻ പോർട്ടലിലൂടെ രേഖാമൂലമുള്ള നിർദ്ദേശങ്ങൾ എന്നിവയിലൂടെയാണ് സ്വീകരിച്ചത്.
കഴിഞ്ഞ വർഷം സെപ്റ്റംബറോടെ, സമിതി സംസ്ഥാനത്തുടനീളം 38 പൊതുയോഗങ്ങൾ നടത്തുകയും പൊതുജന ആശയവിനിമയത്തിലൂടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
മന ഗ്രാമത്തിൽ നിന്ന് ഒരു പൊതു സംവാദ പരിപാടിയിലൂടെ സമിതി ബില്ലിനായുള്ള കൂടിയാലോചനകൾ ആരംഭിച്ചതായും സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും എല്ലാ വിഭാഗം ആളുകളിൽ നിന്നും ഡൽഹിയിൽ താമസിക്കുന്ന ഉത്തരാഖണ്ഡ് നിവാസികളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ചതായും സംസ്ഥാന സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പതിനായിരത്തോളം ആളുകളുമായി സംവദിക്കുന്നതിനും ലഭിച്ച നിർദ്ദേശങ്ങൾ പഠിക്കുന്നതിനുമായി മൊത്തം 72 യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു.