ആദ്യ കാലങ്ങളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങി ഇപ്പോൾ സ്വഭാവ നടനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന നടനാണ് ടി. ജി രവി. ഇപ്പോഴിതാ താൻ അഭിനയിക്കാത്ത ചില രംഗങ്ങൾ ഒരു സിനിമയിലെ കിടപ്പറ രംഗത്തിൽ ഉൾപ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് താരം.
“ഒരിക്കൽ ഞാനും എൻ്റെ ഭാര്യയും കൂടെ സിനിമ കാണാൻ പോയി. ഞാൻ അതിൽ ഒരു ബെഡ്‌റൂം സീൻ അഭിനയിച്ചിരുന്നു. അത് അഭിനയിക്കുമ്പോൾ സീൻ കട്ട് ചെയ്തത് മറ്റൊരു സീനിലേക്ക് പോകുകയാണ് ചെയ്‌തത്. അല്ലാതെ ഡീറ്റെയിൽഡ് ആയ ബെഡ്റൂം സീൻ ഉണ്ടായിരുന്നില്ല.
എന്നാൽ സിനിമ കണ്ടുക്കൊണ്ടിരിക്കുമ്പോഴാണ് വളരെ ഡീറ്റെയിൽഡായ സീനുകൾ കാണുന്നത്. ഞാൻ അഭിനയിക്കാത്തത് പോലും അതിൽ ഉണ്ടായിരുന്നു. അന്ന് എൻ്റെ ഭാര്യ കരഞ്ഞു. അതിൽ എനിക്ക് വളരെ സങ്കടമായി. വേറെ നിവർത്തിയില്ലാതെ അന്ന് തിയേറ്ററിൽ നിന്നിറങ്ങി വന്നു.
അന്നായിരുന്നു ആദ്യമായും അവസാനമായും ഞാൻ അഭിനയിച്ച സിനിമ കണ്ട് എന്റെ ഭാര്യ കരയുന്നത്. അങ്ങനെ ഒരു സീനിൽ അഭിനയിച്ചത് ഞാൻ അല്ലെന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാലും ആളുകളുടെ മുന്നിൽ ഇങ്ങനെ ഒരു സീൻ കാണുമ്പോൾ ഉള്ള പ്രയാസമായിരുന്നു അവൾക്ക്.
അതെന്റെ മനസിൽ അങ്ങനെ കിടപ്പുണ്ട്. ഒരു വേദനയായും വൈരാഗ്യമായും കിടക്കുകയാണ്. അങ്ങനെ ഒരിക്കൽ മദിരാശിയിൽ വെച്ചിട്ട് ഈ സിനിമയുടെ ഡയറക്‌ടറിനെ കണ്ടു. ആൾ ഒരു പടം മാത്രമേ ചെയ്തിട്ടുള്ളൂ. പ്രസാദ് സ്റ്റുഡിയോയിൽ വെച്ചാണ് കണ്ടത്.
അന്ന് അയാളോട് സിനിമയുടെ കഥയൊക്കെ പറഞ്ഞുകൊണ്ട് ഒരു കോർണറിൽ എത്തിയപ്പോൾ ഒറ്റ അടിയങ്ങ് വെച്ചുകൊടുത്തു. ‘ആരും അറിയണ്ട. അറിഞ്ഞാൽ എനിക്കല്ല തനിക്കാണ് ദോഷം. താൻ എന്ത് ചെയ്തിട്ടാണ് തല്ലിയതെന്ന് മനസിലായില്ലേ’ എന്ന് ഞാൻ ചോദിച്ചു.” എന്നാണ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ടി. ജി രവി പറഞ്ഞത്.