ഡൽഹി: തനിക്കെതിരെ ആറ് വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങൾ തീർത്തും തെറ്റാണെന്ന് ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ ശരൺ കോടതിയിൽ പറഞ്ഞു. കായിക രംഗത്തെ പുരുഷ അധികാരികൾ ലൈംഗികാതിക്രമ ആരോപണങ്ങൾക്ക് എപ്പോഴും വിധേയരാകുകയാണെന്ന് ബ്രിജ്ഭൂഷൺ കോടതിയിൽ വാദിച്ചു.
അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പ്രിയങ്ക രാജ്‌പൂതിന്റെ കോടതിയിൽ മുൻ ഡബ്ല്യുഎഫ്ഐ ചീഫായ ബ്രീജ്ഭൂഷണിനെതിരായ കുറ്റാരോപണങ്ങൾക്കിടെ ഭൂഷനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ രാജീവ് മോഹനാണ് വാദങ്ങൾ ഉന്നയിച്ചത്.
“പ്രോസിക്യൂഷൻ സമർപ്പിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ” വിചാരണ ആരംഭിക്കാനാകുമോ എന്ന് അഭിഭാഷകൻ ചോദിച്ചു.
ആരോപണവിധേയമായ സംഭവങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ലാത്തതിനാൽ ആറ് ഗുസ്തിക്കാരുടെ പരാതികൾ ഒരൊറ്റ എഫ്ഐആറിൽ ഉൾപ്പെടുത്തിയത് എന്ത് വകുപ്പുകൾ പ്രകാരമാണെന്ന് പ്രോസിക്യൂഷന് വിശദീകരിക്കേണ്ടിവരുമെന്ന് മോഹൻ വാദിച്ചു.
ഗുസ്തിക്കാരിലൊരാളുടെ പരാതികൾ വായിച്ച മോഹൻ, തന്റെ കരിയറിനെ കുറിച്ച് ആശങ്കാകുലയാണ് എന്നതല്ലാതെ പരാതി നൽകുന്നതിൽ കാലതാമസം നേരിട്ടതിന് കാരണമൊന്നും താരം പറഞ്ഞിട്ടില്ലെന്ന് ആരോപിച്ചു.
ഗുസ്തിക്കാർ പരാമർശിച്ച ചില കേസുകൾ ഡൽഹി കോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്നും ഇന്ത്യക്ക് പുറത്ത് നടക്കുന്ന കേസുകൾ കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ കോടതിക്ക് വിചാരണ ചെയ്യാനാകില്ലെന്നും മോഹൻ പറഞ്ഞു.
ഇന്ത്യയ്‌ക്കകത്തെ മറ്റൊരു സംസ്ഥാനത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾക്ക്, “തുടരുന്ന” കുറ്റകൃത്യമാണെങ്കിൽ മാത്രമേ കോടതിക്ക് മുന്നോട്ട് പോകാൻ കഴിയൂ എന്നും വാദിച്ചു.
“എല്ലാ സംഭവങ്ങളും പരസ്പരം വ്യത്യസ്തമാണ്. ഈ കേസിലെ കുറ്റകൃത്യം തുടർച്ചയായ ഒന്നല്ല… സി ആർ പി സി യുടെ 188-ാം വകുപ്പ് പ്രകാരമുള്ള ഉപരോധം ആവശ്യമാണ്,” മോഹൻ കൂട്ടിച്ചേർത്തു.
കേസിൽ ഫെബ്രുവരി 6, 7 തീയതികളിൽ കോടതി കൂടുതൽ വാദം കേൾക്കും. ആറ് ഗുസ്തി താരങ്ങൾക്ക് വേണ്ടി മുതിർന്ന അഭിഭാഷക റെബേക്ക ജോൺ ഹാജരായപ്പോൾ, ബ്രിജ്ഭൂഷണ് വേണ്ടി അഭിഭാഷകരായ രാജീവ് മോഹൻ, റെഹാൻ ഖാൻ, ഋഷഭ് ഭാട്ടി എന്നിവരാണ് ഹാജരായത്.