കഴുത്തിന്‍റെ മുൻഭാഗത്ത് സ്ഥിതി ചെയ്യുന്ന ചിത്രശലഭത്തിന്‍റെ ആകൃതിയിലുള്ള ചെറിയ അവയവമായ തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അവസ്ഥയാണ് തൈറോയ്ഡ് തകരാറുകൾ. മെറ്റബോളിസം, ഊർജ ഉൽപ്പാദനം, അവയവങ്ങളുടെ പ്രവർത്തനം തുടങ്ങി വിവിധ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ തൈറോയിഡ് നിർണായക പങ്ക് വഹിക്കുന്നു.  തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. പ്രധാനമായും രണ്ടു തരത്തിലുളള തൈറോയ്ഡ് തകരാറുകളാണ് കണ്ടു വരുന്നത്. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയുന്നത്  ഹൈപ്പോ തൈറോയ്ഡിസം. വിവിധ തൈറോയ്‌ഡ് രോഗങ്ങളെ സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. കഴുത്തില്‍ മുഴ, നീര്‍ക്കെട്ട് പോലെ കാണപ്പെടുന്നത് പൊതുവേ തൈറോയ്ഡ് പ്രശ്‌നങ്ങളുടെ പ്രധാന ലക്ഷണമാണ്. ശബ്ദം അടയുക, പേശികളിലുമുണ്ടാകുന്ന വേദനയും തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകൾ കാരണമാകാം.  ഹൈപ്പര്‍ തൈറോയ്ഡിസം ഉള്ളവര്‍ക്ക് പെട്ടെന്ന് ശരീരഭാരം കുറയാം. കൂടാതെ ഹൃദയമിടിപ്പ് പെട്ടെന്ന് കൂടാം, ഉത്കണ്ഠ, പെട്ടെന്ന് വിയര്‍ക്കുക, ഉറക്കത്തിന്‍റെ പ്രശ്നങ്ങള്‍ ഉണ്ടാവുക, ക്ഷീണം തുടങ്ങിയവയെല്ലാം ഹൈപ്പര്‍ തൈറോയ്ഡിസത്തിന്‍റെ ലക്ഷണമാകാം. ചിലരില്‍ കൊളസ്‌ട്രോൾ ലെവൽ കുറയുന്നുണ്ടെങ്കിൽ അത് ഹൈപ്പർതൈറോയിഡിസത്തിന്‍റെ ലക്ഷണമാകാം. ക്ഷീണം, ശരീര ഭാരം കൂടുക, ചര്‍മ്മം വരണ്ടുപോവുക, മലബന്ധം, പേശി ദുര്‍ബലമാവുക, വിഷാദം, ഓര്‍മ്മക്കുറവ്, തലമുടി കൊഴിച്ചില്‍ തുടങ്ങിയവയൊക്കെ ഹൈപ്പോ തൈറോയ്ഡിസത്തിന്‍റെ ലക്ഷണമാകാം. ഹൈപ്പോ തൈറോയിഡിസം ഉള്ളവരില്‍ ചീത്ത കൊളസ്‌ട്രോളായ എൽഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎൽ കുറയുകയും ചെയ്യും. 

By admin

Leave a Reply

Your email address will not be published. Required fields are marked *