ഡല്‍ഹി: ഹേമന്ത് സോറന്റെ അറസ്റ്റിന് തൊട്ടുപിന്നാലെ, 43 എംഎൽഎമാർ ചമ്പായി സോറൻ്റെ പിന്തുണയിലുണ്ടെന്നും ഝാർഖണ്ഡിലെ സഖ്യകക്ഷി എംഎൽഎമാരെ ഹൈദരാബാദിലേക്ക് കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നും ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) അറിയിച്ചു.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് ഹേമന്ത് സോറൻ അറസ്റ്റിലാകുന്നത്. പിന്നീട്, അദ്ദേഹത്തിൻ്റെ പാർട്ടി വിശ്വസ്തനും സംസ്ഥാന ഗതാഗത മന്ത്രിയുമായ ചമ്പായി സോറനെ അദ്ദേഹത്തിൻ്റെ പിൻഗാമിയായി തിരഞ്ഞെടുത്തു.
ഭൂമി കുംഭകോണ കേസിൽ ഇഡി അറസ്റ്റ് ചെയ്തശേഷം സമൂഹമാധ്യമത്തിലൂടെ പ്രതികരണവുമായി ഹേമന്ത് സോറൻ രംഗത്തെത്തിയിരുന്നു.
“ഇതൊരു ഇടവേളയാണ്. ജീവിതം ഒരു മഹായുദ്ധമാണ്. ഞാൻ ഓരോ നിമിഷവും പോരാടിയിട്ടുണ്ട്. ഓരോ നിമിഷവും ഞാൻ പോരാടും. പക്ഷേ വിട്ടുവീഴ്ചക്ക് അപേക്ഷിക്കില്ല” ജയ് ഝാർഖണ്ഡ് എന്നവസാനിക്കുന്ന വരികളാണ് ഹേമന്ത് സോറൻ എക്സിലെ പോസ്റ്റിൽ പങ്കുവെച്ചത്.
തിങ്കളാഴ്ച ഡൽഹിയിലെ വസതിയിൽ ഏജൻസി നടത്തിയ പരിശോധനയിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ബുധനാഴ്ച ഹേമന്ത് സോറൻ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
തന്നെയും തൻ്റെ മുഴുവൻ സമൂഹത്തെയും ഉപദ്രവിക്കാനും അപകീർത്തിപ്പെടുത്താനുമാണ് അന്വേഷണ ഏജൻസി പരിശോധ നടത്തിയതെന്നും എഫ്ഐആറിൽ സോറൻ ആരോപിച്ചു.