ഡൽഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറിയിലെ അക്കാദമിക് ഘടനയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ സിബിഎസ്ഇ. നിലവില്‍ പത്താം ക്ലാസില്‍ രണ്ട് ഭാഷാ വിഷയങ്ങള്‍ പഠിക്കുന്നത് മൂന്നെണ്ണമാക്കാന്‍ നിര്‍ദേശമുണ്ട്. ഈ മുന്ന് ഭാഷകളില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷ തന്നെയായിരിക്കണം. ഇതിന് പുറമേ 10ാം ക്ലാസില്‍ അഞ്ച് വിഷയങ്ങളില്‍ വിജയം അത്യാവശ്യമാണ്.
നിലവില്‍ പന്ത്രണ്ടാം ക്ലാസില്‍ ഒരു ഭാഷയാണ് പഠിക്കേണ്ടത്. ഇത് രണ്ടെണ്ണമാവും. ഒരെണ്ണം മാതൃഭാഷയായിരിക്കും. 12ാം ക്ലാസില്‍ 6 വിഷയങ്ങളില്‍ വിജയം വേണം.
സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ നാഷണല്‍ ക്രെഡിറ്റ് ഫ്രെയിം വര്‍ക്കില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സിബിഎസ്ഇ. 2020ലെ ദേശിയ വിദ്യാഭ്യാസ നയത്തില്‍ വ്യക്തമാക്കുന്ന പോലെ ഇതുവഴി വൊക്കേഷണല്‍ പൊതു വിദ്യാഭ്യാസത്തില്‍ സമാനത കൊണ്ടുവരാനാവും.
നിലവില്‍ പരമ്പാരാഗത സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ക്രെഡിറ്റ് സംവിധാനമില്ല. പുതിയ നിര്‍ദേശമനുസരിച്ച് 40 ക്രെഡിറ്റുകള്‍ ഉള്‍ക്കൊള്ളുന്നതാണ്. സിബിഎസ്ഇക്ക് കീഴിലുള്ള 9,10,11,12 ക്ലാസുകളിലെ പാഠ്യപദ്ധതിയിലെ മാറ്റങ്ങളെ കുറിച്ചുള്ള മാര്‍ഗരേഖ കഴിഞ്ഞ് വര്‍ഷം അവസാനം ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ക്ക് അയച്ച് നല്‍കിയിരുന്നു.