തിരുവനന്തപുരം: കൊല്ലം പരവൂർ മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗത്യന്തരമില്ലാതെ നടപടിയെടുത്ത് സർക്കാർ. ആരോപണ വിധേയരായ കൊല്ലം പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ ജലീൽ, പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർ ശ്യാംകൃഷ്ണ. കെ.ആർ എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ഇതുസംബന്ധിച്ച് ചാത്തന്നൂർ എംഎൽഎ ജി.എസ് ജയലാൽ നിയമസഭയിൽ സബ്മിഷൻ കൊണ്ടുവന്നപ്പോഴായിരുന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അനീഷ്യയുടെ മരണം ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയെയോ വിരമിച്ച ജഡ്ജിയെയോ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കൊല്ലം ബാർ അസോസിയേഷൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
കേസന്വേഷണം പരവൂർ പോലീസിൽ നിന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. അസി.കമ്മിഷണറുടെ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അനീഷ്യയുടെ ഡയറിക്കുറിപ്പിലെയും ശബ്ദരേഖയിലെയും ആരോപണങ്ങളെക്കുറിച്ച് ശാസ്ത്രീയ പരിശോധന നടത്തും. വകുപ്പുതല അന്വേഷണത്തിന് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറ്റക്കാരാണെന്ന് വ്യക്തമായ തെളിവുണ്ടായിട്ടും ഇവരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ഇതുവരെ എടുത്തിരുന്നത്. പ്രോസിക്യൂട്ടർ ആത്മഹത്യ ചെയ്തത് സഹപ്രവർത്തകന്റെയും മേലുദ്യോഗസ്ഥന്റെയും ക്രൂരമായ മാനസിക പീഡനത്തെ തുടർന്നാണെന്ന് വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ പുറത്തുവന്നിട്ടും ഇവർക്കെതിരേ ആത്മഹത്യാ പ്രേരണാ കുറ്റം പോലും ചുമത്തയിട്ടില്ല. നിലവിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസ്.
അനീഷ്യ സഹപ്രവർത്തകർക്ക് അയച്ച ശബ്ദസന്ദേശങ്ങളിൽ ഒരു മേലുദ്യോഗസ്ഥനും സഹപ്രവർത്തകനും മാനസികമായി നിരന്തരം തളർത്തിയെന്ന് തുടർച്ചയായി പറയുന്നുണ്ട്. ഡയറിക്കുറിപ്പിലും ഇക്കാര്യങ്ങൾ വിശദമായുണ്ട്. പരവൂർ മജിസ്ട്രേട്ടിനും തനിക്ക് നേരിടേണ്ടിവന്ന മാനസിക പീഡനങ്ങൾ വിവരിച്ച് അനീഷ്യ ശബ്ദസന്ദേശം അയച്ചിരുന്നു. കേസിൽ ഇത് നിർണായക തെളിവായി മാറുമെന്നാണ് സൂചന.
ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ വിളിച്ചുചേർത്ത യോഗത്തിലുണ്ടായ കാര്യങ്ങൾ തനിക്ക് താങ്ങാനാകുന്നില്ലെന്ന് അനീഷ്യയുടെ ഡയറിയിലെ 19 പേജുള്ള ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. തന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമായി വായിച്ചതിനു പുറമേ യോഗത്തിൽ ഉണ്ടായിരുന്നവരിൽ വലിയൊരു വിഭാഗവും അധിക്ഷേപിച്ചുവെന്നും കുറിപ്പിൽ പറയുന്നു.
കേസുകളിൽ നിന്നു വിട്ടു നിൽക്കാനും അവധിയെടുക്കാനും സഹപ്രവർത്തകരിൽ നിന്നു സമ്മർദമുണ്ടായതടക്കമുള്ള കാര്യങ്ങളാണ് ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കുന്നത്. ജോലി സംബന്ധമായ രഹസ്യ റിപ്പോർട്ടുകൾ സഹപ്രവർത്തരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും മുന്നിൽ വായിച്ചതടക്കമുള്ള കാര്യങ്ങളും കുറിപ്പിൽ പറയുന്നുണ്ട്.
ആരോപണ വിധേയനായ പരവൂർ മജിസ്ട്രേട്ട് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂർക്കെതിരെ അഭിഭാഷകനായ കുണ്ടറ ജോസ് വിവരാവകാശ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയ്ക്കു പിന്നിൽ അനീഷ്യയാണെന്ന് ആരോപിച്ചാണ് 19ന് നടന്ന യോഗത്തിൽ മേലുദ്യോഗസ്ഥനടക്കം പരസ്യമായി അധിക്ഷേപിച്ചത്.
ആരോപണ വിധേയനായ അസി. പബ്ലിക് പ്രോസിക്യൂട്ടർ എത്ര ദിവസം അവധിക്ക് അപേക്ഷ നൽകി, എത്ര അവധികൾ അംഗീകരിച്ചു, എത്രദിവസം കോടതിയിൽ ഹാജരായി തുടങ്ങിയ 18 ചോദ്യങ്ങളാണ് വിവരാവകാശ അപേക്ഷയിൽ ഉണ്ടായിരുന്നത്. ഈ അപേക്ഷ ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ ഓഫീസിൽ നൽകിയതിനു പിന്നാലെ മറ്റൊരു അസി. പബ്ലിക് പ്രോസിക്യൂട്ടർ ഫോണിൽ വിളിച്ച് അനീഷ്യയുടെ നിർദ്ദേശപ്രകാരമാണോ അത് നൽകിയതെന്ന് ചോദിച്ചെന്നും സഹപ്രവർത്തകർ പറയുന്നു.
അരോപണ വിധേയനായ അസി. പബ്ലിക് പ്രോസിക്യൂട്ടർ ജോലിക്കെത്താത്ത ദിവസങ്ങളിലും ഹാജർ രേഖപ്പെടുത്തുന്നതും ഓഫീസ് മുറി തുടർച്ചയായി അടച്ചിട്ടിരിക്കുന്നതുമായ ചിത്രങ്ങൾ സഹിതം അനീഷ്യ പരാതി നൽകിയിരുന്നു. ഇതേ ഉദ്യോഗസ്ഥൻ ജോലിക്കെത്താത്ത ദിവസം അദ്ദേഹം കൈകാര്യം ചെയ്യേണ്ട കേസ് രേഖാമൂലം ചുമതല നൽകാത്തത് ചൂണ്ടിക്കാട്ടി അനീഷ്യ കോടതിയിൽ ഹാജരാകാൻ വിസമ്മതിച്ചതും ഒരു വിഭാഗം ജുഡീഷ്യൽ ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചിരുന്നു.