കാസർകോട് – സ്‌കൂളിലേക്ക് നടന്നുപോകുന്നതിനിടെ അധ്യാപികയുടെ കഴുത്തിൽ നിന്ന് സ്വർണ്ണമാല തട്ടിയെടുത്തു. ബദിയടുക്ക ഗവ. ഹൈസ്‌കൂളിലെ എൽ.പി വിഭാഗത്തിലെ അശ്വതി ടീച്ചറുടെ കഴുത്തിൽ നിന്നാണ് സ്വർണ്ണമാല പൊട്ടിച്ചെടുത്തത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
അശ്വതി ബോളുക്കട്ടയിലെ ക്വാർട്ടേഴ്‌സിലാണ് താമസം. ദിവസവും സ്‌കൂളിലേക്ക് ഊടുവഴിയിലൂടെ നടന്നാണ് പോകാറുള്ളത്. രാവിലെ പതിവുപോലെ സ്‌കൂളിലേക്ക് പോകുമ്പോൾ വെളുത്ത ബൈക്കിൽ പിറകെയെത്തിയ യുവാവ് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. സ്‌കൂളിനടുത്ത് എത്താറായ സമയത്താണ് തട്ടിപ്പറിക്കലുണ്ടായത്. അധ്യാപിക മാല വലിച്ചുപിടിച്ചതോടെ പകുതി കഷണം മാത്രമേ മോഷ്ടാവിന് ലഭിച്ചുള്ളൂ. ഈ കഷണവുമായി മോഷ്ടാവ് ബൈക്കിൽ സ്ഥലം വിടുകയായിരുന്നു. അധ്യാപികയുടെ പരാതിയിൽ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ മാസം ബോളുക്കട്ട അർത്തിപ്പള്ളയിലും മാല പിടിച്ചുപറിച്ച സംഭവമുണ്ടായിരുന്നു. ഈ സംഭവത്തിലും കേസെടുത്തെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. ബദിയടുക്ക പഞ്ചായത്തിന്റെ പണി തീരാത്ത ടൗൺ ഹാൾ ഈ ഭാഗത്തുണ്ട്. ഈ ടൗൺഹാൾ കെട്ടിടം സാമൂഹ്യവിരുദ്ധരുടെയും ലഹരി മാഫിയാ സംഘങ്ങളുടെയും താവളമാണെന്ന് നാട്ടുകാർ പ്രതികരിച്ചു. ഈ ഭാഗത്തെ സി.സി.ടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
2024 February 1Keralagold chainsnatchedteachertitle_en: On way to school, the gold necklace snatched from the teacher’s neck