യു കെ: സുരക്ഷിതമല്ലാത്ത ഡിസ്ചാർജുകൾ മാനസികരോഗികളെ അപകടത്തിലാക്കുന്നു എന്ന് മുന്നറിയിപ്പ് റിപ്പോർട്ടുമായി ഹെൽത്ത്‌ ഓംബുഡ്സ്മാനൻ. സുരക്ഷിതമല്ലാത്ത ഡിസ്ചാർജുകൾ രോഗികളെ ആത്മഹത്യയിലേക്കും വീണ്ടും ആശുപത്രി വാസത്തിലേക്കും തള്ളിവിടുന്നതിനുള്ള പ്രേരണ ഉളവാക്കുമെന്ന മുന്നറിയിപ്പാണ് ഹെൽത്ത്‌ ഓംബുഡ്‌സ്മാൻ നൽകിയത്. 
രോഗികളെ ഡിസ്ചാർജ് ചെയ്യുമ്പോൾ ആസൂത്രണത്തിലും ആശയവിനിമയത്തിലും ഉണ്ടാകുന്ന വീഴ്ചകളും തിരിച്ചറിഞ്ഞ് മാനസികാരോഗ്യ നിയമം ശക്തിപ്പെടുത്താൻ ഓംബുഡ്‌സ്മാൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.

2020 – നും 2023 – നും ഇടയിൽ മാനസികാരോഗ്യ സംരക്ഷണത്തിലെ വീഴ്ചകൾ കണ്ടെത്തിയ നൂറിലധികം പരാതികൾ വിശകലനം ചെയ്തത് പ്രകാരമാണ് പാർലമെൻ്ററി ആൻഡ് ഹെൽത്ത് സർവീസ് ഓംബുഡ്സ്മാൻ്റെ (പിഎച്ച്എസ്ഒ) റിപ്പോർട്ട്. 
രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിനെക്കുറിച്ച് കുടുംബത്തെ അറിയിക്കാത്തത്, രോഗികളെ പരിചരിക്കുന്ന ഒന്നിലധികം ടീമുകൾ തമ്മിലുള്ള ആശയവിനിമയത്തിൻ്റെ അഭാവം, ആശുപത്രി വിടാനുള്ള രോഗിയുടെ അഭ്യർത്ഥനകൾ വിലയിരുത്തുന്നതിലെ പരാജയം, മോശം റെക്കോർഡ് സൂക്ഷിക്കൽ എന്നിവ ഇതിൽ ചില പ്രശ്‌നങ്ങൾ മാത്രമാണെന്നാണ് ഓംബുഡ്‌സ്മാൻ റോബ് ബെഹ്‌റൻസ് പറഞ്ഞത്.
“മാനസികാരോഗ്യ സേവനങ്ങളിലെ ബഹുഭൂരിപക്ഷം പ്രൊഫഷണലുകളും കഠിനാധ്വാനം ചെയ്യുന്നവരും അവരുടെ പ്രതിബദ്ധതയും പരിചരണവും ദൈനംദിന അടിസ്ഥാനത്തിൽ പ്രകടിപ്പിക്കുന്നവരുമാണ്. എന്നിരുന്നാലും, തെറ്റുകൾ പറ്റുമ്പോൾ, സംഭവിക്കുന്ന മാനുഷിക ദുരന്തങ്ങളെക്കുറിച്ചും അവ വീണ്ടും സംഭവിക്കാതിരിക്കാൻ ആളുകൾ സംസാരിക്കുന്നതും പരാതികൾ ഉന്നയിക്കുന്നതും എത്ര പ്രധാനമാണെന്നും ഞങ്ങളുടെ റിപ്പോർട്ടിലെ കഥകൾ വ്യക്തമാക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു. 
അത്തരത്തിലുള്ള ഒരു കഥയാണ് ഹെബ്ബർണിൽ നിന്നുള്ള ഇരുപത്തിരണ്ടുകാരൻ ടൈലർ റോബർട്ട്‌സണ്ണിന്റേത്. 

വീട്ടുകാരോടും പോലീസിനോടും ആത്മഹത്യാ ചിന്തകൾ പ്രകടിപ്പിച്ച ശേഷം, അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയി, എന്നാൽ അതേ ദിവസം തന്നെ ഡിസ്ചാർജ് ചെയ്തു. തീരുമാനത്തിൽ രോഗിയുടെ കുടുംബം ഉൾപ്പെട്ടിരുന്നില്ല, എന്നാൽ അവരുമായി കൂടിയാലോചിച്ചാൽ അപകടത്തിൻ്റെ തോത് വ്യത്യസ്തമായിരിക്കാമെന്നതിനാൽ ഡോക്ടർമാർ കുടുംബത്തെ സമീപിക്കേണ്ടതായിരുന്നുവെന്ന് ഓംബുഡ്‌സ്മാൻ കണ്ടെത്തി.
റോബർട്ട്‌സണിന് സപ്പോർട്ട് കെയർ ഓർഗനൈസേഷനുകളുടെ വിവരങ്ങൾ ആശുപത്രിയിൽ നിന്നും നൽകിയിരുന്നുവെങ്കിലും, അവരിൽ മിക്കവരുടെയും ബന്ധപ്പെടാനുള്ള വിവരങ്ങൾ കാലഹരണപ്പെട്ടതായിരുന്നു. ആശുപത്രി വിട്ട് ആറാഴ്ചയ്ക്കുള്ളിൽ അദ്ദേഹം ആത്മഹത്യ ചെയ്തു.
ക്ലാസിൽ എപ്പോഴും ചിരിക്കുന്ന കോമാളി എന്നായിരുന്നു അദ്ദേഹത്തിന്റെ 43 – കാരിയായ അമ്മ നിക്കോള മകനെ വിശേഷിപ്പിച്ചത്. പക്ഷെ അതൊരു മുഖംമൂടി മാത്രമായിരുന്നു. അദ്ദേഹത്തിന് ഒരിക്കലും ഒരു മാനസികരോഗം കണ്ടെത്തിയിരുന്നില്ല, എന്നാൽ വളരെ ചെറുപ്പം മുതലേ അദ്ദേഹത്തിന് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
ചിലപ്പോൾ അദ്ദേഹം വളരെ സന്തോഷവാനായോ ചിലപ്പോൾ അതീവ ദുഖത്തിലോ കാണപ്പെട്ടിരുന്നു. റോബർട്ട്‌സണിന്റെ മരണശേഷം, അമ്മ നിക്കോള ‘SAFE’എന്ന സപ്പോർട്ട് ഗ്രൂപ്പ് സ്ഥാപിച്ചു.
“ആരെയെങ്കിലും ആശുപത്രിയിൽ നിന്ന് മാറ്റുന്നത് കാലതാമസം വരുത്തുന്നത് ദോഷം ചെയ്യും. മിക്കപ്പോഴും, കിടത്തിച്ചികിത്സയ്ക്കുള്ള സേവനങ്ങളിൽ നിന്ന് രോഗികളെ വേഗത്തിൽ മാറ്റുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  ഭാഗികമായെങ്കിലും ഇങ്ങനെ സംഭവിക്കുന്നതിന്റെ കാരണം, എൻഎച്ച്എസിനും മാനസികാരോഗ്യകേന്ദ്രങ്ങൾക്കും മേലുള്ള കടുത്ത സമ്മർദ്ദം മൂലമാകാം.
എന്നാൽ, മുൻഗണന എപ്പോഴും രോഗിയുടെ സുരക്ഷയ്ക്കായിരിക്കണം. സുരക്ഷിതമല്ലാത്ത കൈമാറ്റങ്ങൾ, രോഗികൾ വീണ്ടും അഡ്മിഷൻ സൈക്കിളിൽ കുടുങ്ങിക്കിടക്കുന്നതും, ദാരുണമായി ആത്മഹത്യ ചെയ്യുന്നതും പോലുള്ള വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഞങ്ങൾക്കറിയാം” മിസ്റ്റർ ബെഹ്‌റൻസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂണിൽ ഗ്രേസ് ഒമാലി കുമാർ, ബർനബി വെബ്ബർ (19), സ്കൂൾ കെയർടേക്കർ ഇയാൻ കോട്സ് (65) എന്നിവർ കൊല്ലപ്പെട്ടതിനെത്തുടർന്ന് നോട്ടിംഗ്ഹാമിലെ മാനസികാരോഗ്യ സേവനങ്ങളെക്കുറിച്ച് കെയർ ക്വാളിറ്റി കമ്മീഷൻ (സിക്യുസി) നടത്തിയ അവലോകനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 
ഈ സംഭവത്തിൽ പ്രതി നൈഫ്മാൻ വാൽഡോ കലോക്കെയ്ൻ പാരാനോയിഡ് സ്കീസോഫ്രീനിയ രോഗിയായിരുന്നു. അയാൾ മാനസികാരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രിയിലും പുറത്തും കഴിയുകയായിരുന്നു.

ഒരു മാനസികാരോഗ്യ സേവനത്തിൽ നിന്ന്, സുരക്ഷിതമല്ലാത്ത പാർപ്പിടത്തിലേക്കോ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്കോ കുടുംബത്തിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ അകന്നുപോകാൻ  സാധ്യതയുള്ള ഒരാളെ മാനസികാരോഗ്യ സേവനത്തിൽ നിന്ന് പുറത്താക്കിയാൽ, പോസിറ്റിവിറ്റിയെക്കാൾ ഉത്കണ്ഠയും ഭയവുമായിരിക്കും പ്രതീക്ഷിക്കുന്നത്.
എൻഎച്എസ് ഇംഗ്ലണ്ടിന്റെ അത്യാഹിത വിഭാഗങ്ങളിൽ നിന്ന് ഡിസ്ചാർജ് ചെയ്ത മാനസികാരോഗ്യ രോഗികൾക്ക് 72 മണിക്കൂർ ഫോളോ – അപ്പ് ചെക്കുകൾ അവതരിപ്പിക്കുന്നത് ഉൾപ്പെടെ നിരവധി ശുപാർശകൾ ഓംബുഡ്‌സ്മാൻ റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. കിടത്തിച്ചികിത്സയിൽ നിന്ന് ഡിസ്ചാർജ് ചെയ്തവർക്ക് മാത്രമാണ് നിലവിൽ തുടർ നടപടികൾ നൽകുന്നത്.
രോഗിയെ സംബന്ധിച്ച് ഏതൊരു അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ് രോഗി, അവരുടെ കുടുംബം, പരിചരിക്കുന്നവർ എന്നിവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും അത്‌ മുഖവിലക്കെടുക്കുകയും വേണം എന്ന ഏറ്റവും നിർണ്ണായകമായ നിർദേശവും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *