പുതിയ ചിത്രം ‘വിശ്വംഭര’യ്ക്കായി കഠിനമായ വർക്കൗട്ടിൽ തെലുങ്ക് താരം ചിരഞ്ജീവി. നടൻ തന്നെയാണ് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘വിശ്വംഭര’ എന്ന ഹാഷ്ടാഗ് സഹിതമാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്.
68-ാം വയസ്സിൽ ചിത്രത്തിന് വേണ്ടി കഠിനമായി പ്രയത്നിക്കുന്ന താരത്തിന് അഭിനന്ദനങ്ങളുമായി എത്തുകയാണ് ആരാധകർ. മകൻ രാംചരണിനെപ്പോലെ ഫിറ്റ്നസിൽ ശ്രദ്ധിക്കുന്നയാളാണ് ചിരഞ്ജീവിയെന്ന് ആരാധകർ പറയുന്നു. ചിരഞ്ജീവി എല്ലാവർക്കും പ്രചോദനമാണെന്ന് ചിലർ കുറിച്ചു.
യുവി ക്രിയേഷൻസ് നിർമിക്കുന്ന ‘വിശ്വംഭര’യുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. ചിത്രത്തിന്മേൽ വൻ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. മല്ലിഡി വസിഷ്‍ഠ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ത്രില്ലറാണെന്നാണ് റിപ്പോർട്ടുകൾ. എം.എം കീരവാണിയാണ് സംഗീതം. 2025-ൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.