ഒറ്റപ്പാലം: മുഖംമൂടി ധരിച്ചെത്തി 79കാരിയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് സ്വര്‍ണമാല തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. സൗത്ത് പനമണ്ണ ചക്കുള്ളിപ്പറമ്പില് ഗീത(38)യാണ് പിടിയിലായത്.
തോട്ടക്കര സുകുമാരവിലാസില് ലക്ഷ്മിക്കുട്ടിയമ്മയുടെ ഒന്നര പവന്റെ മാലയാണ് കവര്‍ന്നത്. ലക്ഷ്മിക്കുട്ടിയമ്മയുടെ അയല്‍വാസിയുടെ വീട്ടിലെ ജോലിക്കാരിയാണ് പ്രതി.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലേമുക്കാലോടെയാണ് സംഭവം. വീട്ടുജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഹാളില്‍ ഇരിക്കുകയായിരുന്ന വയോധികയുടെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞാണ് മോഷണം. മുഖംമൂടി ധരിച്ചിരുന്ന പ്രതി വയോധികയുടെ കഴുത്തിലണിഞ്ഞ മാല പൊട്ടിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
പിടിച്ചുപറിക്കിടയില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടില്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക്ക് കവറും ചെരുപ്പും നിര്‍ണായക തെളിവായി. ലക്ഷ്മിക്കുട്ടിയമ്മ നല്കിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം എസ്.ഐ കെ.ജെ. പ്രവീണ്‍, വനിത എ.എസ്.ഐ കമലം എന്നിവരടങ്ങിയ പൊലീസ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.