കല്‍പ്പറ്റ: വൈത്തിരിയില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി അന്വേഷിക്കാനെത്തിയതിനിടെ കീഴുദ്യോഗസ്ഥനെ മര്‍ദ്ദിച്ച സി.ഐക്ക് സ്ഥലംമാറ്റം.
ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ പോലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ വൈത്തിരി എസ്.എച്ച്.ഒ. ബോബി വര്‍ഗീസിനെയാണ് സ്ഥലം മാറ്റിയത്. തൃശൂര്‍ ചെറുതുരുത്തി സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റം. 
കഴിഞ്ഞമാസം മാസം 19ന് രാത്രിയാണ് സംഭവം. ആള്‍ക്കൂട്ടത്തില്‍ വെച്ച് മേലുദ്യോഗസ്ഥന്‍ വൈത്തിരി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറെ തല്ലിയത് വിവാദമായിരുന്നു. ഒരാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന വിവരം കിട്ടിയാണ് പോലീസുകാര്‍ സ്ഥലത്ത് എത്തിയത്. എന്നാല്‍, യൂണിഫോമില്‍ അല്ലാതിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയില്ല. ഇതിനു പിന്നാലെയായിരുന്നു സംഭവം. 
സംഭവത്തിന്റെ വീഡിയോ കൂടി പ്രചരിച്ചതോടെ സംസ്ഥാനത്തെ പൊലീസ് സേനക്കാകെ സംഭവം കളങ്കമുണ്ടാക്കിയെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. വിഷയത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അതേസമയം, വൈകാരികതയില്‍ ചെയ്തുപോയതെന്നാണ് ഇന്‍സ്‌പെക്ടറുടെ വിശദീകരണം. പരാതിയില്ലെന്ന് സിവില്‍ പോലീസ് ഓഫീസറും പ്രതികരിച്ചിരുന്നു. എന്നാല്‍, സംഭവം സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് നടപടി.

By admin

Leave a Reply

Your email address will not be published. Required fields are marked *