പച്ചമണ്ണിൻ ഗന്ധം നുകർന്നു
വയൽ വരമ്പോരം പതിയെ നടക്കവെ
തെന്നലിൽ അലയടിക്കുന്നുവോ
കൊയ്ത്തു പാട്ടിൻ താളമായ് വീണ്ടും
ഏതോ കഥയിൽ വരികളായ് മാറിയ
കതിരുണങ്ങാത്ത കാലമിനിയും
ഋതുക്കളെത്രയോ മാറി വന്നു
പുഴകളെത്രയോ മഴനനഞ്ഞു
ദൂരെ വയലോരം കലപ്പകൾ കലിപൂണ്ടു
ഉഴുതെറിഞ്ഞുള്ള മൺതരികളിൽ
മുത്തു പോൽ വിതറും വിത്തുകളത്രയും
നെഞ്ചോടു ചേർക്കും കാഴ്ചകളും
മുളപൊട്ടി വിടരുന്ന നാമ്പുകളൊക്കെയും
പച്ചവിരിച്ചാടുമീ കാറ്റിൽ
കളകൾ പറിച്ചെറിയും പണിയാളർ
കതിരിനെ കാത്തിട്ടിരിപ്പാണവിടെ
നെൽമണി ചന്തം ചാഞ്ചാടിയങ്ങനെ
കൊയ്ത്തു പാട്ടിൻ താളം കേൾപ്പതിന്നായ്
പുലരിയിൽ നീഹാരം ചൂടിയ വയലുകൾ
കിരണങ്ങൾ പുൽകി ചാരുത പൂണ്ടു
നിരയായ് നിരന്നവർ കൊയ്തെടുക്കുമ്പോഴും
ഒരു തുള്ളി കണ്ണീർ പൊഴിച്ചതില്ല
കറ്റകെട്ടി കഥചൊല്ലിയകലുന്നവർ
കുറ്റികൾ മാത്രം ബാക്കിയാക്കി
കാത്തിരിപ്പിൻ കൊയ്ത്തുകാലവും
നിറവിനാൽ നിർവൃതി പൂണ്ടുകൊണ്ടങ്ങനെ
പുത്തരിച്ചോറിൻ പുണ്യമായ് വീണ്ടും
പുതിയൊരു താളം അലയടിക്കുന്നു
പോയ്മറഞ്ഞ കാലത്തിലെവിടെയോ
പച്ചപ്പു പാടങ്ങൾ പാടി തീർത്തു
ഇനിയും പാടാനൊരു വരി എഴുതിടേണം
ആ നല്ല നാളിന്റെ സ്മൃതികളും പേറി…
-ശ്രീജ ഗോപാൽ ശ്രീകൃഷ്ണപുരം