തിരുവനന്തപുരം: മൂന്നു വ‌ർഷം കൊണ്ട് ശബരിമല വിമാനത്താവളം നിർമ്മാണം പൂർത്തിയാക്കാൻ അതിവേഗ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. വിമാനത്താവളത്തിനായി സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നതിന് പുറമെ കേന്ദ്രാനുമതികൾ നേടിയെടുക്കാനും വിശദമായ പദ്ധതി രേഖ തയ്യാറാക്കാനുമുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.
മദ്ധ്യകേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ അഞ്ചാമത്തെ വിമാനത്താവളം നിലവിൽ വരുന്ന സംസ്ഥാനമായി കേരളം മാറും.
ശബരിമല വിമാനത്താവളത്തിനായി വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുന്നതിന് ഏജൻസിയെ തിരഞ്ഞെടുക്കാനും സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) രൂപീകരിക്കാനും നടപടി തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി) തയ്യാറാക്കിയ അന്തിമ സാമൂഹ്യാഘാത വിലയിരുത്തൽ പഠന റിപ്പോർട്ട് പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട ഏഴംഗ വിദഗ്ദ്ധ സമിതി ശുപാർശ നൽകിയിട്ടുണ്ട്.

2,570 ഏക്കർ ഭൂമി വിമാനത്താവള നിർമ്മാണത്തിനായി ഏറ്റെടുക്കുന്നതിനും നടപടി തുടങ്ങി. പദ്ധതിക്ക് കേന്ദ്രസത്തിന്റെ സൈറ്റ് ക്ലിയറൻസ്, ഡിഫൻസ് ക്ലിയറൻസ് എന്നിവ ലഭ്യമായിട്ടുണ്ട്. സുരക്ഷാ ക്ലിയറൻസിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അനുമതിക്കായി ഉടൻ സമർപ്പിക്കുമെന്നും കെ.യു. ജനീഷ് കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.

ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കൽ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഇതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. കോട്ടയം തഹസിൽദാർക്കാണ് (എൽ.എ ജനറൽ) സ്ഥലമെടുപ്പ് ചുമതല. പ്രത്യേക ഓഫീസും തുടങ്ങും. പ്രാഥമിക വിജ്ഞാപനം ഇറക്കുന്നതോടെ സർവേ തുടങ്ങും.
എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 1039.876 ഹെക്ടർ (2570 ഏക്കർ) ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. സാമൂഹ്യാഘാത പഠന റിപ്പോർട്ട് വിലയിരുത്തി വിദഗ്ദ്ധ സമിതി സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. പ്രാഥമിക വിജ്ഞാപനം ഇറക്കി ഒരു വർഷത്തിനകം 19 (1) വിജ്ഞാപനം വരുമ്പോഴാണ് എത്ര സ്ഥലം എടുക്കുമെന്ന് അന്തിമരൂപമാവുക. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാര വിതരണം. ഭൂമിവിലയ്‌ക്ക് 12% പലിശ നൽകണം.

2027 ന് മുമ്പായി വിമാനത്താവള നിർമ്മാണം ആദ്യഘട്ടം പൂർത്തിയാക്കും. കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളുടെ മാതൃകയിൽ പൊതു – സ്വകാര്യ പങ്കാളിത്തത്തിലാവും നിർമ്മാണം. ഇവിടെ നിന്ന് 48 കിലോമീറ്ററാണ് ശബരിമലയിലേക്ക്. എരുമേലിക്ക് സമീപം ചെറുവള്ളി എസ്റ്റേറ്റിന്റെ 2268.13 ഏക്കറാണ് ഏറ്റെടുക്കുന്നത്. റൺവേയുടെ ആവശ്യത്തിന് എസ്റ്റേറ്റിന് കിഴക്കുപടിഞ്ഞാറായി 307 ഏക്കർ പിന്നീട് ഏറ്റെടുക്കും. വിമാനത്താവള നിർമാണത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിയിലെ നിലവിലുള്ള നിർമാണങ്ങളുടെ കണക്കെടുപ്പാണു ഇപ്പോൾ നടക്കുന്നത്.

കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ മാതൃകയിൽ പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന വിമാനത്താവളത്തിന് ആദ്യം ചെറുവള്ളിത്തോട്ടത്തിലെ ഭൂമി മാത്രമാണ് ഉൾപ്പെട്ടിരുന്നത്. അനുബന്ധ പ്രവർത്തനങ്ങൾക്കാണ് പുറത്തുള്ള സ്വകാര്യ ഭൂമി കൂടി ഏറ്റെടുക്കുക.
സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ ഏറ്റവും നീളമുള്ള റൺവേയാണ് എരുമേലിയിൽ വരിക. 3500 മീറ്റർ നീളത്തിൽ കിഴക്കു പടിഞ്ഞാറ് ദിശയിലാവും റൺവേ. ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് 2405 ഏക്കറും 165 ഏക്കർ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. സിയാൽ, കിയാൽ മോഡൽ കമ്പനി രജിസ്റ്റർ ചെയ്യണം. തുടർന്ന് നിക്ഷേപ സമാഹരണം നടത്തണം. പിന്നെ, ടെൻഡർ വിളിച്ച് നിർമാണം ആരംഭിക്കണം.
സ്ഥലമേറ്റെടുപ്പിനുള്ള അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് മുന്നോടിയായി റവന്യു വകുപ്പും വിമാനത്താവള നിർമ്മാണ അധികൃതരും ചേർന്ന് സംയുക്ത പരിശോധന നടത്തും. സ്ഥലത്തിന്റെ പ്രാധാന്യം അനുസരിച്ച് വിവിധ കാറ്റഗറികളായി തിരിക്കും. ഈ കാറ്റഗറിക്ക് യോജ്യവും സമാനവുമായ ആധാരങ്ങൾ കണ്ടെത്തും. അഞ്ചോ ആറോ ആധാരങ്ങളുടെ ശരാശരി വിലയുടെ അടിസ്ഥാനത്തിൽ സ്ഥലവില നിർണയിക്കും. ഈ അടിസ്ഥാനവിലയുടെ ഒപ്പം കെട്ടിടങ്ങൾ, മരങ്ങൾ, മറ്റു നിർമാണ പ്രവർത്തനങ്ങൾ എന്നിവയുടെ വില കൂടി നിശ്ചയിക്കും.

ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് ആധാരത്തിന്റെ ഒന്നര ഇരട്ടി വില കണ്ടെത്തും. ഇതാണ് കമ്പോള വില. ഇതിനൊപ്പം കമ്പോള വിലയുടെ ഇരട്ടി കണക്കാക്കും. അന്തിമ വിജ്ഞാപനത്തിനു ശേഷം എത്ര നാൾ കഴിഞ്ഞാണോ സ്ഥലം ഏറ്റെടുക്കുന്നത്, ആ കാലയളവിൽ 12 ശതമാനം പലിശയും കൂടി ലഭിക്കും. ഇതുകൂടാതെ തൊഴിൽ നഷ്ടം, കൃഷിയിടങ്ങളുടെ നഷ്ടം തുടങ്ങിയവ കണക്കാക്കി പുനരധിവാസ പക്കേജ് തയ്യാറാക്കും. വില നിർണയത്തിൽ തർക്കമുള്ളവർക്ക് കോടതിയെ സമീപിച്ച് കൂടുതൽ നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാം.

കോട്ടയം പത്തനംതിട്ട ജില്ലകളോട് അടുത്തായതിനാൽ ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലേയ്ക്കും യാത്ര എളുപ്പമാണ്. കുമളിയോട് ചേർന്നുള്ള തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലുള്ളവർക്കും എളുപ്പം. തീർത്ഥാടന കേന്ദ്രങ്ങളായ ശബരിമലയും മാരാമണ്ണും ചേർന്നുള്ള തീർത്ഥാടന ടൂറിസത്തിനും സാദ്ധ്യത. ടൂറിസം കേന്ദ്രങ്ങളായ കുമരകം, മൂന്നാർ, തേക്കടി, വാഗമൺ, ആലപ്പുഴ, കോന്നി ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾക്ക് പ്രയോജനകരം. ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്ന് സുഗന്ധ വ്യഞ്ജനങ്ങളും തേയിലയും കയറ്റി അയയ്ക്കാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed