ചെന്നൈ: വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ കുളിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവഡോക്ടര്‍ അറസ്റ്റില്‍. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി കൂടിയായ ദന്ത ഡോക്ടറാണ് പിടിയിലായത്. പേന പോലുള്ള ഉപകരണത്തിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീട്ടുടമയുടെ മകനും ദന്ത ഡോക്ടറുമായ ഇബ്രഹാമി(36)നെ പോലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈയിലെ റോയപുരത്താണ് സംഭവം. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി സമൂഹിക മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യാനും പ്രതി ശ്രമിച്ചു. വീട് വൃത്തിയാക്കുന്നതിനിടയിലാണ് കുളിമുറിയുടെ തറയില്‍ ഒരു പേന പോലുള്ള ഉപകരണം വീണു കിടക്കുന്നത് യുവതി കാണുന്നത്. ഇതില്‍ നിന്ന് ചെറിയ ചുവന്ന പ്രകാശം ശ്രദ്ധയില്‍പ്പെട്ട യുവതി സംഭവം ഭര്‍ത്താവിനെ അറിയിച്ചു.
തുടര്‍ന്ന് രഹസ്യ ക്യാമറയുമായി ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുളിമുറിയുടെ ജനലിന് സമീപത്ത് വച്ചിരുന്ന ക്യാമറ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. തുടര്‍ന്ന് വീട്ടുടമയുടെ മകനാണ് രഹസ്യ ക്യാമറ വച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വീടിന്റെ ഒരു ഭാഗമായിരുന്നു വീട്ടുടമ വാടകയ്ക്ക് നല്‍കിയിരുന്നത്. വര്‍ഷങ്ങളായി ഇവിടെ താമസിച്ചിരുന്നവരാണ് ദമ്പതികള്‍.