മലൈക്കോട്ടൈ വാലിബന്‍ എന്ന തന്‍റെ പുതിയ ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. മലയാളത്തിലെ ഏറ്റവും മോശം സിനിമ എന്ന രീതിയിലാണ് സിനിമക്കെതിരെ പ്രചരണം നടക്കുന്നതെന്ന് ലിജോ ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
“എനിക്കാ സിനിമ ഇഷ്ടപ്പെട്ടില്ല, അതുകൊണ്ട് രാജ്യത്തുള്ളവരൊന്നും അത് കാണരുതെന്ന മട്ടിലായിരുന്നു ആദ്യ രണ്ടു ദിവസങ്ങളിലെ പ്രതികരണങ്ങൾ. ഒന്നരവർഷം ഈ സിനിമയ്ക്കുവേണ്ടി രാപകലില്ലാതെ അധ്വാനിച്ചവരെല്ലാം പൊടുന്നനെ അപ്രത്യക്ഷരായി. മലയാളത്തിൽ ഇന്നേവരെ വന്നതിൽ ഏറ്റവും മോശം സിനിമ എന്ന ചർച്ചമാത്രം ബാക്കിയായി. അതെന്നെ വളരെ ദുഃഖിപ്പിച്ചതുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്നത്. എന്തുകൊണ്ട് ഈ സിനിമ കാണണമെന്ന് വിശദീകരിക്കേണ്ടിവന്നതും അതുകൊണ്ടാണ്.
എന്റെ മറ്റൊരു സിനിമയ്ക്കുവേണ്ടിയും ഇങ്ങനെ ചെയ്യേണ്ടിവന്നിട്ടില്ല. ഒരു സിനിമയുടെപേരിൽ പ്രേക്ഷകർ പരസ്പരം കല്ലേറു നടത്തുന്നത് അം​ഗീകരിക്കാനാവില്ല. സിനിമ നിങ്ങളുടേതായിക്കഴിഞ്ഞു. താത്പര്യമില്ലെങ്കിൽ കാണേണ്ടകാര്യമില്ല. ഒരു കുഴപ്പവുമില്ല. പക്ഷേ ഈ സിനിമ കാണരുതെന്ന് മറ്റുള്ളവരെ നിർബന്ധിക്കരുത്. സിനിമയുടെ യഥാർത്ഥ താളം എന്താണെന്ന് മനസിലാക്കത്തക്കവിധമുള്ള മറ്റൊരു ട്രെയ്‌ലർ ഇറക്കാമായിരുന്നു”- ലിജോ കൂട്ടിച്ചേർത്തു.
സിനിമകൾ, അമർ ചിത്ര കഥകൾ, പഞ്ചതന്ത്ര കഥകൾ, കോമിക് പുസ്തകങ്ങൾ തുടങ്ങി ലോകമെമ്പാടുമുള്ള വിവിധ കലാരൂപങ്ങളിൽ നിന്നും സൃഷ്ടികളിൽ നിന്നുമുള്ള നിരവധി പരാമർശങ്ങൾ താൻ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സൂചിപ്പിച്ച എൽജെപി, മലൈക്കോട്ട വാലിബനെ ചിലർ മോശം സിനിമയെന്ന രീതിയില്‍ കൈകാര്യം ചെയ്തപ്പോൾ അത് വേദനിപ്പിച്ചതായി പറഞ്ഞു. “അത്തരമൊരു ശ്രമം നടക്കുമ്പോൾ… അത് ആഘോഷിക്കപ്പെടണമെന്ന് ഞാൻ പറയുന്നില്ല… വിമർശനങ്ങളെയും സ്വാഗതം ചെയ്യുന്നു.എന്നാൽ ചിത്രം റിലീസ് ചെയ്ത ആദ്യ രണ്ട് ദിവസങ്ങളിൽ ചർച്ചകൾ തീർത്തും തെറ്റായ ദിശയിലായിരുന്നു…ലിജോ പറയുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed