തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ, പ്രതിയെ വെറതേ വിടാനിടയായ സാഹചര്യത്തിൽ അതീവ ഗുരുതര ആരോപണങ്ങൾ നിയമസഭയിൽ ഉയർത്തി പ്രതിപക്ഷം. കേസുണ്ടായ അന്നു മുതല്‍ പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നാണ് വിധി പ്രസ്താവത്തില്‍ പറയുന്നതെന്നും അന്വേഷണത്തിലും പ്രോസിക്യൂഷനിലുമടക്കം എല്ലായിടത്തും തെളിവുകൾ നശിപ്പിക്കപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെയും ഫോറന്‍സിക് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ക്രൂരമായ ഹീനകൃത്യം തെളിയിക്കപ്പെടേണ്ടത്. അത് തെളിയിക്കാനുള്ള എല്ലാ സാധ്യതകളും അന്വേഷണ ഉദ്യോഗസ്ഥന് തുടക്കം മുതല്‍ അടച്ചു. ആദ്യം ആത്മഹത്യയാണെന്ന് പ്രചരിപ്പിച്ചു.
എന്റെ കൊച്ചിനെ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതി നിലവിളിക്കുകയാണ്. അതിനൊപ്പം ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഇടപെട്ട് പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കാനുള്ള ശ്രമം നടത്തിയത് ലജ്ജിപ്പിക്കുന്ന സംഭവമാണ്. പ്രതിയാണ് മൃതശരീരം ഏറ്റുവാങ്ങിയത്. ഈ കേസിലെ വിധി പ്രസ്താവം കേട്ടാൽ അപമാന ഭാരത്താല്‍ തല കുനിച്ചു പോകുമെന്നും സതീശൻ പറഞ്ഞു.
വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതേവിട്ട പ്രതിയുടെയോ അദ്ദേഹത്തിന്റെ അച്ഛന്റെയോ രാഷ്ട്രീയ നിലപാട് സർക്കാരിനെ സ്വാധീനിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹതഭാഗ്യയായ കുട്ടിയുടെയും കുടുംബത്തിന്റെയും പ്രശ്നമാണ് സർക്കാരിന് മുന്നിലുള്ളത്. അത്യന്തം നിർഭാഗ്യകരമായ സംഭവത്തിൽ കർശന നടപടിക്കായി ഏതറ്റം വരെയും പോവുമെന്നും സണ്ണിജോസഫിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നൽകി.
ഭരണകക്ഷി അംഗമായ പ്രതിയെ സഹായിക്കാനാണ് അന്വേഷണത്തിൽ കൃത്യവിലോപം കാട്ടിയതെന്നും പ്രോസിക്യൂഷൻ മുഴുവൻ പ്രതിഭാഗം ചേർന്നെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ സണ്ണി ജോസഫ് ആരോപിച്ചു. വണ്ടിപ്പെരിയാർ കേസിലേത് നിർഭാഗ്യകരമായ വിധിയാണെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോടതിയുടെ പരാമർശങ്ങളെ സർക്കാർ ഗൗരവമായി കാണുന്നു. വകുപ്പുതല പരിശോധനയും അന്വേഷണവും നടക്കുന്നുണ്ട്. അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ വീഴ്ചയോ ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാവും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ ഒരു ആക്രമണം പോലുമുണ്ടാവരുതെന്നാണ് സർക്കാർ നിലപാട്. സമൂഹത്തോട് പ്രതിബദ്ധതയോടെയാവണം പൊലീസ് പ്രവർത്തിക്കേണ്ടത്. ഇതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കോടതി വിധി വന്ന് ഒരു മാസമായിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും പുനരന്വേഷണത്തിന് തയ്യാറായില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച സർക്കാരാണ് ഒന്നാംപ്രതി. തെളിവുകളെല്ലാം തുടക്കത്തിലേ നശിപ്പിച്ചു. പാർട്ടിയുടെ ആവശ്യപ്രകാരം പ്രതിയെ രക്ഷിക്കാൻ നടത്തിയ ശ്രമം കേരളത്തിന് അപമാനകരമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. വിധി വന്നതിനു ശേഷം കുട്ടിയുടെ അച്ഛനും മുത്തച്ഛനും ആക്രമിക്കപ്പെട്ടു.
ആക്രമിച്ച പ്രതി ഓടിക്കയറിയത് സി.പി.എമ്മിന്റെ പാർട്ടി ഓഫീസിലേക്കാണ്. ഇതിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ ബിയർ കുപ്പികളും വാരിക്കുന്തവുമായാണ് സി.പി.എം നേരിട്ടത്. പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയിട്ട് പൊലീസ് ഇതുപോലെയാണ് അന്വേഷണം നടത്തുന്നതെങ്കിൽ ഈ നാട്ടിൽ എവിടെ നീതി കിട്ടും. അട്ടപ്പാടിയും വാളയാറും തന്നെയാണ് വണ്ടിപ്പെരിയാറിലും ആവര്‍ത്തിക്കപ്പെട്ടത്.
സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് ജനല്‍ തുറന്നു കിടക്കുകയായിരുന്നെന്ന് ദൃക്സാക്ഷി മൊഴിയുണ്ട്. ജനലില്‍ കൂടിയാണ് പ്രതി രക്ഷപ്പെട്ടത്. രണ്ടാമത് വീടിനുള്ളില്‍ കയറിയ പ്രതി ജനലിന്റെ കൊളുത്തിട്ടു. എന്നാല്‍ ജനലിന്റെ കൊളുത്ത് ഇട്ടിട്ടുണ്ടെന്നും പ്രതിക്ക് വീട്ടിനുള്ളില്‍ കയറാനുള്ള ഒരു സാധ്യതയും ഇല്ലെന്നാണ് പൊലീസ് കണ്ടെത്തല്‍.
പ്രതിയെ ചോദ്യം ചെയ്തിരുന്നെങ്കില്‍ കൃത്യമായ വിവരം ലഭിച്ചേനെ. പ്രതി ആരാണെന്ന് അറിഞ്ഞിട്ടും തെളിവ് നശിപ്പിക്കാന്‍ പൊലീസ് കൂട്ടുനിന്നു. തെളിവ് നിയമത്തിന്റെ പ്രാഥമിക കാര്യങ്ങള്‍ പോലും അറിയാത്തെ ഉദ്യോഗസ്ഥനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. സീല്‍ ചെയ്യാതെയാണ് തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയത്. ഇത്രയും വലിയ സംഭവം നടന്നിട്ടും പിറ്റേ ദിവസമാണ് ആ വീട്ടില്‍ പോയത്. എന്നിട്ടാണ് മുഖ്യമന്ത്രി പൊലീസിനെ പ്രശംസിക്കുന്നത്. ഇത് നാടിന് മുഴുവന്‍ അപമാനമാണെന്നും സതീശൻ പറഞ്ഞു.