കണ്ണൂർ : അന്താരാഷ്ട്ര കപ്പലുകൾ അടുക്കുന്നതിനും തുറമുഖങ്ങൾക്കുള്ള സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഇന്റർനാഷണൽ ഷിപ്പ് ആന്റ് പോർട്ട് ഫെസിലിറ്റി(ISPS) സ്ഥിരം സെക്യൂരിറ്റി കോഡ് അഴീക്കൽ തുറമുഖത്തിന് ലഭിച്ചു. ഇത് തുറമുഖ വികസനത്തിന് വലിയ നാഴിക കല്ലാകുമെന്ന് കെ വി സുമേഷ് എം എൽ എ പറഞ്ഞു.
നേരത്തെ വിദേശത്തുനിന്നുൾപ്പെടെ ചരക്ക് കൊണ്ടുവരുന്നതിന് പ്രത്യേക അനുമതി വേണ്ടിയിരുന്നു. അഴീക്കൽ തുറമുഖത്തേക്ക് വരുന്ന ചരക്കുകൾ കൊച്ചിയിൽ വന്ന് അനുമതി വാങ്ങിയ ശേഷമായിരുന്നു അഴീക്കലേക്ക് കൊണ്ടുവന്നിരുന്നത്. ഐ.എസ്.പി.എസ് കോഡ് ലഭ്യമായതോടെ നേരിട്ട് തന്നെ പോർട്ടിലേക്ക് വിദേശ ചരക്കുകൾ കൊണ്ടുവരാൻ സാധിക്കും.
കെ വി സുമേഷ് എം എൽ എ ഐ എസ് പി എസ് കോഡ് നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. എം.എൽ.എ യുടെ നേതൃത്വത്തിൽ വിവിധ യോഗങ്ങൾ ചേർന്ന് തുറമുഖ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ കൂടി ശ്രമഫലമായാണ് വേഗതയിൽ ഐ എസ് പി എസ് അംഗീകാരം ലഭിച്ചത്. തുറമുഖത്തിന് ഈ കോഡ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ മർച്ചന്റ് മറൈൻ വകുപ്പുകൾ, കൊച്ചിയിൽ നിന്നുള്ള നോട്ടിക്കൽ സർവ്വേയർ തുടങ്ങിയവർ കഴിഞ്ഞ വർഷം ജുലൈയിൽ പരിശോധന നടത്തുകയും നിബന്ധനകളോടെ 2024 ജനുവരി വരെ കോഡ് അനുവദിക്കുകയും ചെയ്തിരുന്നു.
ഐ എസ് പി എസ് ലഭിക്കാൻ പരിശോധനയിൽ പരാമർശിച്ച എല്ലാ പ്രവർത്തികളും സമയബന്ധിതമായി പൂർത്തികരിക്കുകയും ആതിന്റെ കറന്റ് സ്റ്റാറ്റസ് റിപ്പോർട്ട് അവർക്ക് സമർപ്പിക്കുകയും ചെയ്തു. പോരായ്മകൾ പരിഹരിച്ചതിനെ തുടർന്നാണ് സ്ഥിരമായി കോഡ് അനുവദിച്ചത്. വിദേശരാജ്യങ്ങളിൽ നിന്നടക്കമുള്ള അന്താരാഷ്ട്ര കപ്പൽ സർവ്വീസുകൾ ഇനിമുതൽ അഴീക്കൽ തുറമുഖത്ത് നിന്നും സുഗമമായി ആരംഭിക്കുവാൻ കഴിയും.