ഭാഗ്യദേവത കടാക്ഷിച്ചതോടെ ശങ്കരന് ഇനി ലോണ്‍ എടുക്കാതെ വീട് പണിയാം. കഴിഞ്ഞ ദിവസം നറുക്കെടുത്ത സംസ്ഥാന സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷമാണ് അരശുംമൂട് ആർ.എസ് ഭവനില്‍ ശങ്കരൻ നായരെ (53) തേടിയെത്തിയത്.
സമ്മാനാർഹമായ എസ്.ഒ 393750 (SO 393750) എന്ന നമ്പറിലുള്ള ടിക്കറ്റ് ഇന്നലെ യൂണിയൻ ബാങ്കിന്റെ ആറ്റിപ്ര ശാഖയില്‍ ഏല്‍പിച്ചു. കുളത്തൂർ എസ്.എൻ.എം ലൈബ്രറിക്ക് സമീപത്തെ ശ്രീമഹാലക്ഷ്മി ലക്കി സെന്ററില്‍ നിന്നെടുത്ത ആറ് ടിക്കറ്റുകളില്‍ ഒന്നിനാണ് സമ്മാനം.
നറുക്കെടുക്കുന്നതിനു തൊട്ടുമുൻപാണ് ശങ്കരൻ ടിക്കറ്റെടുത്തതെന്ന് കടയുടമ കരിയം സ്വദേശി സുനില്‍കുമാർ പറഞ്ഞു. എന്നും നോട്ടറി പതിവായി എടുക്കുന്നയാളാണ് ശങ്കരൻ. വൈകിട്ട് നറുക്കെടുപ്പ് ഫലം വന്നതോടെ ഒന്നാംസമ്മാനം അടിച്ച വിവരം കടയിലെ ജീവനക്കാരി അശ്വതിയാണ് ശങ്കരനെ വിളിച്ചറിയിച്ചത്. നികുതികളും മറ്റും കഴിച്ച് 45 ലക്ഷം ടിക്കറ്റെടുത്തയാളിന് ലഭിക്കും. ഏജന്റിന് 7.5 ലക്ഷം കമ്മിഷൻ ഇനത്തില്‍ ലഭിക്കും. മായയാണ് ശങ്കരന്റെ ഭാര്യ. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന രഞ്ജന,ബിരുദ വിദ്യാർത്ഥി സഞ്ചയ് എന്നിവരാണ് മക്കള്‍.