തിരുവനന്തപുരം: വരുന്ന സംസ്ഥാന ബജറ്റിൽ റബ്ബറിന്റെ താങ്ങുവില 200 രൂപയാക്കി ഉയർത്തിയേക്കും. താങ്ങുവില 250 രൂപയാക്കുമെന്ന് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമാണ്.
റബർ വിലസ്ഥിരതാ ഫണ്ട് 300 രൂപയാക്കണമെന്ന് ഏറെക്കാലമായുള്ള ആവശ്യമാണ്. കേരള കോണ്‍ഗ്രസ് എം റബര്‍ വിഷയത്തില്‍ കടുത്ത നിലപാട് സര്‍ക്കാരിനെയും മുന്നണിയെയും അറിയിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ നവകേരള സദസിനിടെ പാലായില്‍ ഈ വിഷയം ഉന്നയിച്ച തോമസ് ചാഴികാടന്‍ എംപിയെ മുഖ്യമന്ത്രി വിമര്‍ശിച്ചതും തുടര്‍ന്നുണ്ടായ കേരള കോണ്‍ഗ്രസിന്‍റെ സമ്മര്‍ദങ്ങളും റബര്‍ വിഷയത്തില്‍ അനുഭാവപൂര്‍ണമായ നിലപാടിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചു.
റബറിന് 80- 100 രൂപ വിലയുണ്ടായിരുന്നപ്പോഴാണ് ഉമ്മൻചാണ്ടി സർക്കാർ 150 രൂപ താങ്ങുവില പ്രഖ്യാപിച്ചത്. ഇപ്പോൾ 165 – 170 രൂപയായപ്പോഴും താങ്ങുവില 170 രൂപയാണ്. ഇതോടെ പദ്ധതിക്ക് പ്രസക്തിയില്ലാതായി. സബ്സിഡിക്കായി ബില്ലുകൾ അപ്‌ലോഡ് ചെയ്യാനാവാതെ വെബ്സൈറ്റ് പൂട്ടിവച്ചിരിക്കുകയാണെന്നും പരാതികൾ ഉയരുന്നുണ്ട്.
വിലസ്ഥിരതാ ഫണ്ട് ഉയർത്തുന്നതടക്കം റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണന്ന് ആവശ്യപ്പെട്ട് ഇന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. റബർ കർഷകർക്കായി സംസ്ഥാനം ഒന്നും ചെയ്യാതിരുന്നിട്ട് എല്ലാം കേന്ദ്രം തരട്ടെ എന്നു പറഞ്ഞ് നിവേദനം മാത്രം നൽകുന്നത് ശരിയല്ലെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് മോൻസ് ജോസഫ് കുറ്റപ്പെടുത്തി. എന്നാൽ സബ്സിഡി കുടിശിക ഉടൻ തീർക്കുമെന്നും അപേക്ഷിക്കാനുള്ള സാങ്കേതിക തകരാറുകൾ നീക്കുമെന്നും മന്ത്രി പി. പ്രസാദ് മറുപടി നൽകി.
റബർ കർഷകർക്കായി 300കോടിയുടെ സഹായ പാക്കേജ് ഏപ്രിലിൽ നടപ്പാക്കും. 30,000 ഹെക്ടർ സ്ഥലത്തെ റബർ റീപ്ലാന്റ് ചെയ്യാൻ 225 കോടി നൽകും. അരലക്ഷം പേർക്ക് ഹെക്ടറിന് 75000 രൂപ വീതം സഹായം നൽകും. നല്ല തൈകൾ വികസിപ്പിക്കാൻ 28 നഴ്സറികൾക്ക് 6ലക്ഷം വീതം നൽകും. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ‘കേര’ പദ്ധതി വഴിയാണ് കേന്ദ്രസഹായമില്ലാതെ റബർ കർഷകർക്കായി പാക്കേജ് നടപ്പാക്കുക.
കേന്ദ്ര അവഗണനയ്‌ക്കെതിരെ ഒറ്റക്കെട്ടായി രംഗത്തെത്തണം. റബർ വിഷയത്തിൽ കേന്ദ്രമാണ് മുഖ്യപ്രതി. കേന്ദ്രസഹായം കൂടി നേടിയെടുത്ത് റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കുമെന്നായിരുന്നു എൽ.ഡി.എഫ് പ്രകടന പത്രികയിലുണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ റബ്ബർ കർഷകർ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ദയനീയമായ സ്ഥിതിയിലാണ് റബ്ബർ കർഷകർ. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ കാർഷിക മേഖലയിൽ നിന്നുള്ള ഏറ്റവും വലിയ പിന്തുണ നല്‍കിയിരുന്നതും റബർ കർഷകരായിരുന്നു.
ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന സ്വാഭാവിക റബ്ബറിന്റെ 90 ശതമാനവും കേരളത്തിൽ നിന്നായിരുന്നു. കേരളത്തിലെ റബ്ബർ കൃഷിക്ക് ഏറ്റവും കൂടുതൽ പ്രോത്സാഹനം നൽകിയിരുന്നതും റബ്ബർ ബോർഡാണ്. എന്നാൽ ഇന്ന് റബ്ബർ കൃഷിക്ക് നൽകിയിരുന്ന പിന്തുണയിൽ നിന്നും റബ്ബർ ബോർഡ് പൂർണമായും പിന്മാറി.
റബ്ബർ ഇൻസെന്റീവ് സ്‌കീം ഉൾപ്പെടെ 25 പദ്ധതികളാണ് റബ്ബർ ബോർഡ് നിർത്തലാക്കിയത്. റബ്ബർ ബോർഡ് പൂർണമായും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനമേഖല മാറ്റിയിരിക്കുകയാണ്. റബ്ബർ വെട്ടിമാറ്റി മറ്റു കൃഷികളിലേക്ക് കർഷകർ പോകുന്നു.
റബ്ബർ ഉത്പാദനത്തിന്റെ 83 ശതമാനമാണ് ഇറക്കുമതി. ഇറക്കുമതി കൂടുന്തോറും വില താഴേയ്ക്ക് പോകും. ഒന്നര ലക്ഷം മെട്രിക് ടൺ റബ്ബർ കോംമ്പൗണ്ടാണ് സമീപകാലത്ത് ഇറക്കുമതി ചെയ്തത്. ബലൂൺ, റബ്ബർ ബാൻഡ്, ഗ്ലൗസ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതി വർധിക്കുന്നതോടെ റബ്ബറിന്റെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിക്കാനുള്ള സാധ്യതയും ഇല്ലാതായി. ചിരട്ടപ്പാലിന്റെ ഇറക്കുമതിക്കുള്ള നീക്കവും കേന്ദ്ര സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം കൂടിയാകുമ്പോൾ റബ്ബർ വില ഇനിയും കുറയും.
റബ്ബർ കർഷകരെ സംരക്ഷിക്കാനുള്ള ഒരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആരോപിച്ചു. 170 രൂപ പോലും നൽകാൻ സർക്കാരിന് സാധിക്കുന്നില്ല. 500 കോടി നീക്കി വച്ചപ്പോഴാണ് 20 കോടി നൽകിയത്. റബ്ബർ കർഷകരെ ദ്രോഹിക്കുന്നതിൽ ഒന്നാം പ്രതി കേന്ദ്രസർക്കാർ ആണെന്ന് സമ്മതിക്കുമ്പോൾ തന്നെ കർഷരെ സഹായിക്കാനുള്ള ഒരു നടപടിയും സംസ്ഥാന സർക്കാരും സ്വീകരിക്കുന്നില്ല. റബ്ബർ കർഷകരെ താങ്ങി നിർത്താനുള്ള ഒരു നടപടിയും ഈ സർക്കാരിന് ഇല്ലെന്നും സതീശൻ പറഞ്ഞു.