ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ ഫോണുകളുടെ വില ഉടൻ കുറയും. മൊബൈൽ ഫോൺ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന പ്രധാന ഘടക ഭാഗങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിച്ചുരുക്കിയതോടെയാണ് സ്മാർട്ട്ഫോണുകളുടെ വിലയും ആനുപാതികമായി കുറയുന്നത്. ബാറ്ററിയുടെ ഭാഗങ്ങൾ, ലെൻസ്, ബാക്ക് കവർ, പ്ലാസ്റ്റിക്, ലോഹം ഉൾപ്പെടെയുള്ള പ്രധാന ഘടക ഭാഗങ്ങളുടെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്നും 10 ശതമാനമായാണ് കുറച്ചിരിക്കുന്നത്. ഇതോടെ, സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയ്ക്ക് വിപണിയിൽ എത്തുന്നതാണ്.
മൊബൈൽ ഫോണുകൾ നിർമ്മിക്കുന്നതിനുള്ള പ്രധാന ഘടക ഭാഗങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുന്നത് വഴി വൻകിട ആഗോള നിർമ്മാതാക്കൾക്ക് ഇന്ത്യയിൽ വലിയ രീതിയിലുള്ള അസംബ്ലി ലൈനുകൾ സ്ഥാപിക്കാൻ കഴിയുന്നതാണ്. ഇത് ഇന്ത്യയുടെ മൊബൈൽ ഫോൺ നിർമ്മാണത്തെ കൂടുതൽ മത്സരാധിഷ്ഠിതമാക്കും. ഇന്ത്യയുടെ പുതിയ തീരുമാനം ആപ്പിൾ പോലുള്ള കമ്പനികൾക്ക് ഏറെ ഗുണകരമാകുകയും, ഇതിലൂടെ സ്മാർട്ട്ഫോണുകളുടെ കയറ്റുമതി സാധ്യത വർദ്ധിക്കുന്നതുമാണ്.