ഡല്‍ഹി: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റായി മൂന്നാംതവണയും നിയമിതനായി ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ. ബാലിയില്‍ നടന്ന എ.സി.സി.യുടെ വാര്‍ഷിക പൊതുയോഗത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് പ്രസിഡന്റ് ഷമ്മി സില്‍വ രണ്ടാംതവണയും ജയ്ഷായുടെ കാലാവധി നീട്ടിനല്‍കാന്‍ നിര്‍ദേശിച്ചു. ഇതിനെ എ.സി.സി. അംഗങ്ങള്‍ ഐകകണ്‌ഠ്യേന പിന്തുണക്കുകയായിരുന്നു.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുല്‍ ഹസന്റെ പിന്‍ഗാമിയായി 2021 ജനുവരിയിലാണ് ജയ്ഷാ ആദ്യം ഈ സ്ഥാനമേറ്റെടുക്കുന്നത്. ഷായുടെ നേതൃത്വത്തിലാണ് 2022-ല്‍ ടി20, 2023-ല്‍ ഏകദിന എ.സി.സി. ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടന്നത്.
എ.സി.സി. അംഗങ്ങള്‍ തന്നില്‍ തുടര്‍ച്ചയായി അര്‍പ്പിച്ച വിശ്വാസത്തില്‍ ജയ് ഷാ നന്ദിയറിയിച്ചു. കായികരംഗത്ത് സമഗ്രവികസനം ഉറപ്പാക്കുമെന്നും ഏഷ്യയിലുടനീളം ക്രിക്കറ്റിനെ പരിപോഷിപ്പിക്കുമെന്നും ജയ് ഷാ പ്രസ്താവനയില്‍ അറിയിച്ചു.