ഡല്‍ഹി: സംസ്ഥാന രാഷ്ട്രീയത്തില്‍ വിപുലമായ സൗഹൃദ വലയങ്ങളുള്ള പിസി ജോര്‍ജ് ബിജെപിയിലെത്തിയതോടെ ഇടതു-വലതു മുന്നണികളിലെ വിവിധ പാര്‍ട്ടികള്‍ക്ക് തലവേദനയാകും എന്നുറപ്പ്.
ജോര്‍ജിന് ജനസ്വാധീനമോ വോട്ടുബാങ്കുകളെ സ്വാധീനിക്കാന്‍ ശേഷിയോ ഇല്ലെന്ന് ബിജെപി നേതൃത്വത്തിനറിയാം. പക്ഷേ ജോര്‍ജിന് വശമുള്ള ഒരു പരിപാടിയുണ്ട്, നേതാക്കളെ ചാക്കിട്ടുപിടുത്തം. ജോര്‍ജിനെകൊണ്ട് ബിജെപി കേരളത്തില്‍ ലക്ഷ്യം വയ്ക്കുന്നതും അതുതന്നെയാണ്.
കേരളത്തില്‍ കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും സിപിഐയില്‍ നിന്നും കേരള കോണ്‍ഗ്രസുകളില്‍ നിന്നുവരെ തകര്‍പ്പന്‍ നേതാക്കളെ കണ്ടെത്തി ബിജെപിയിലെത്തിക്കാം എന്നാണ് ജോര്‍ജ് ബിജെപിയ്ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്.
ജോര്‍ജ് ശ്രമിച്ചാലും ഇല്ലെങ്കിലും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തില്‍ നിന്നും ബിജെപിയിലേയ്ക്ക് ചില ‘കുടിയേറ്റങ്ങള്‍ക്ക് ‘ സാധ്യത ഉണ്ട്. അത്തരം സാഹചര്യത്തില്‍ ജോര്‍ജിന്‍റെ രാഷ്ട്രീയ സൗഹൃദങ്ങളെ ഫലപ്രദമായി ഉപയോഗിക്കുക എന്ന തന്ത്രമാണ് ബിജെപി ഉദ്ദേശിക്കുന്നത്.
സിപിഎമ്മില്‍ നിന്നും നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍ ശെല്‍വരാജിനെ കോണ്‍ഗ്രസില്‍ എത്തിച്ചത് താനാണെന്നായിരുന്നു അന്ന് ജോര്‍ജ് അവരാശപ്പെട്ടത്. എന്നാല്‍ അത് ജോര്‍ജ് അറിഞ്ഞിട്ടുപോലുമില്ല, കോണ്‍ഗ്രസ് നേരിട്ട് നടത്തിയ ഓപ്പറേഷന്‍ ആയിരുന്നെന്ന് പിന്നീട് വെളിപ്പെട്ടിരുന്നു. ഇത്തരം ചില കാര്യങ്ങള്‍ കേന്ദ്രത്തിലെ ബിജെപി നേതാക്കളെയും ജോര്‍ജ് ധരിപ്പിച്ചിട്ടുണ്ട്.
അക്കാര്യങ്ങളില്‍ ആശാവഹമായ പുരോഗതി ഉണ്ടായാല്‍ ബിജെപിക്ക് ജോര്‍ജ് പ്രിയങ്കരനാകും. അല്ലെങ്കില്‍ പതിവുപോലെ ജോര്‍ജ് ബിജെപിയെ വിമര്‍ശിച്ച് പുറത്തുപോകുന്ന സാഹചര്യം ഉണ്ടാകും.