അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലേക്ക് തീർഥാടകരുടെ തിരക്ക് വർദ്ധിച്ചതോടെ അയോധ്യയിലേക്ക് പുതിയ വിമാന സർവ്വീസുകൾ പ്രഖ്യാപിച്ചു.
തീർത്ഥാടകരുടെ വരവ് സുഗമമാക്കുന്നതിനായി ഫെബ്രുവരി 1 മുതൽ അയോധ്യ വിമാനത്താവളത്തിലേക്ക് എട്ട് പുതിയ റൂട്ടുകളിൽ വിമാന സർവീസുകൾ ആരംഭിക്കുമെന്നാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ ഫ്ലൈറ്റ് റൂട്ടുകൾ അയോധ്യയെ ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂർ, പട്‌ന, ദർഭംഗ, മുംബൈ, ബംഗളൂരു എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നതാണ്. സ്‌പൈസ് ജെറ്റാണ് പുതിയ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുക.
കഴിഞ്ഞയാഴ്ച അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠാ ചടങ്ങ് മുതൽ, നഗരത്തിലേക്ക് തീർത്ഥാടകരുടെ വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ ദിവസം തന്നെ 5 ലക്ഷത്തോളം ആളുകൾ രാമക്ഷേത്രത്തിൽ ദർശനം നടത്തിയെന്നാണ് ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ട കണക്ക്.
തീർത്ഥാടകരുടെ വരവ് വർദ്ധിച്ചതോടെ ക്ഷേത്രത്തിലെ ദർശനത്തിനുള്ള ക്രമീകരണങ്ങളും പ്രത്യേക സുരക്ഷാ മുൻകരുതലുകളും ഭരണകൂടവും ക്ഷേത്രം ട്രസ്റ്റും ചേർന്ന് ഏർപ്പെടുത്തിയിരുന്നു.
തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനായി അയോധ്യ ധാമിലെ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം 1,462 കോടി രൂപ ചെലവിൽ നിർമ്മിച്ചത്. പുതുതായി വികസിപ്പിച്ച 6,250 ചതുരശ്ര മീറ്റർ പുതിയ ടെർമിനൽ കെട്ടിടം തിരക്കേറിയ സമയങ്ങളിൽ 300-ലധികം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സജ്ജീകരണം ഉള്ളതാണ്.
മഹർഷി വാൽമീകിയുടെ പേരിലുള്ള വിമാനത്താവളത്തിന് ഒരു വർഷം 10 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. രാമക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അയോധ്യയിൽ 251 കോടി രൂപ ചെലവിൽ പുതിയ റെയിൽവേ ജംക്‌ഷനും നിർമിച്ചിരുന്നു.