കോട്ടയം : പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. പി സി ജോർജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം (സെക്കുലർ) ബിജെപിയില്‍ ലയിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ പിസി ജോര്‍ജിന് അംഗത്വം നല്‍കി.
പിസി ജോര്‍ജ് ബിജെപി പ്രവേശനം പ്രഖ്യാപിച്ചു കൊണ്ട് വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണിതെന്ന് വ്യക്തമാക്കി. കേരളം നാല് ലക്ഷം കോടിയുടെ കടക്കെണിയിലാണ്. എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിക്കുകയാണ് കേരളത്തില്‍. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ പ്രതിരോധിക്കാന്‍ ഇരുമുന്നണികളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ രാഷ്ട്രീയകച്ചവടമാണ് നടക്കുന്നത് എന്നും പിസി ജോര്‍ജ് പറഞ്ഞു
പിസി ജോര്‍ജിന് ഒപ്പം മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാവ് അനില്‍ ആന്റണി, കേന്ദ്ര മന്ത്രിമാരായ വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.