യുകെ: ഓരോ ഭാരതീയനും രാജ്യസ്നേഹം കൊണ്ടും അഭിമാനം കൊണ്ടും നിറയുന്ന ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ, ഒഐസിസി യുകെയുടെ ആഭിമുഖ്യത്തിൽ ലണ്ടനിൽ ആവേശോജ്വലമായി സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിൽ ലണ്ടൻ പാർലമെന്റ് സ്ക്വയറിലെ മഹാത്മജിയുടെ പ്രതിമക്കു മുന്നിൽ രാവിലെ 10.30 – ന് നടത്തപ്പെട്ട പരിപാടിയിൽ പങ്കെടുക്കുവാൻ, യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള കോൺഗ്രസ് പ്രവർത്തകർ എത്തിച്ചേർന്നു.
മാതൃരാജ്യ സ്നേഹം തളംകെട്ടി നിന്ന പരിപാടിയിൽ, പ്രവർത്തകരെല്ലാം തന്നെ വലിയ ആവേശത്തോടെയാണ് പങ്കുകൊണ്ടത്. അവധിദിനമല്ലാതിരുന്നിട്ടുകൂടി ആഘോഷത്തിൽ പ്രകടമായ വലിയ ജനപങ്കാളിത്തം, ഇന്ത്യ എന്ന ഹൃദയ വികാരം പ്രവാസികൾക്കിടയിൽ ഇന്നും ശക്തമായി നിലകൊള്ളുന്നു എന്നതിന് മകുടോദാഹരണമായി.
ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് കെ.കെ മോഹൻദാസിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധി പ്രതിമക്കു മുന്നിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തിക്കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു.
ഒഐസിസി യുകെ വർക്കിംഗ് പ്രസിഡന്റുമാരായ ഷൈനു മാത്യൂസ്, അപ്പ ഗഫൂർ, മണികണ്ഠൻ, റീജിയണൽ ഭാരവാഹികളായ വിൽസൺ, സോണി ചാക്കോ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന്, ഒഐസിസി നാഷണൽ നേതാക്കളും വിവിധ റീജണൽ നേതാക്കൻമാരും മഹാത്മാവിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
11 മണിയോടു കൂടി ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് കെ.കെ മോഹൻദാസ് സൂര്യൻ അസ്തമിക്കാത്ത നാടിൻ്റെ മണ്ണിൽ, നൂറു കണക്കിന് വിദേശികളെയും സ്വദേശികളെയും സാക്ഷിനിർത്തിക്കൊണ്ട് ഇന്ത്യയുടെ അഭിമാനമായ ദേശീയ പതാക ഉയർത്തി. ശേഷം, മൺമറഞ്ഞു പോയ ഇന്ത്യൻ സ്വാതന്ത്യ സേനാനികൾക്കും യോദ്ധാക്കൾക്കും പ്രണാമം അർപ്പിച്ച് അനുസ്മരിച്ചു. ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾക്ക് സമാപനം കുറിച്ചു.