ജോർദാനിൽ യുഎസ് സൈനികർക്ക് (US soldiers) നേരെ ഡ്രോൺ ആക്രമണം നടത്തി മൂന്ന് സൈനികരെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളാണെന്ന ആരോപണം ഉയർന്നിരുന്നു. അതേസമയം ഇറാൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പുകൾക്ക് എതിരെ പ്രതികാര നടപടികൾ കെെക്കൊള്ളാൻ അമേരിക്ക തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇത്തരം ഗ്രൂപ്പുകൾക്ക് എതിരെ അമേരിക്ക സെെനിക നപടികൾ ആരംഭിക്കുമെന്നാണ് പെൻ്റഗൺ വൃത്തങ്ങൾ നൽകുന്ന സൂചനകൾ. ഭീകരരുടെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണം ഉടൻ ആരംഭിക്കുമെന്നും നടപടികൾ കടുത്തതായിരിക്കുമെന്നും പെൻ്റഗൺ വൃത്തങ്ങളെ ഉദ്ധരിച്ച് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച നടന്ന യുഎസ് സൈനികരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട്  ഇറാനെതിരെ നടപടികൾ ശക്തമാക്കാൻ പ്രസിഡൻ്റ് ജോ ബൈഡനുമേൽ സമ്മർദ്ദമുണ്ടായിരുന്നു. 
യുഎസ് സൈനികർക്കെതിരായ ഡ്രോൺ ആക്രമണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന ഇറാനെതിരെ പ്രതികാര നടപടികൾ കെെക്കൊള്ളാൻ ജോ ബൈഡനു മേൽ സമ്മർദ്ദം ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതികര നടപടികളുടെ സ്വഭാവം എങ്ങനെയായിരിക്കണമെന്ന് പെൻ്റഗണിൻ്റെ ഭാഗത്തു നിന്ന് ആലോചനകളുണ്ടായത്.
പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് അമേരിക്കയുടെ ആക്രമണം ഇറാൻ സേനയ്ക്ക് എതിരേയോ ഇറാനുള്ളിലോ ആകാമെന്നുള്ളതാണ്. അമേരിക്കൻ സെെനികരുടെ മരണത്തിന് ഉത്തരവാദികളായ ഇറാൻ പിന്തുണയുള്ള സംഘങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനും അമേരിക്ക ലക്ഷ്യമിടുന്നുണ്ട്. കൂടുതൽ ജാഗ്രതയോടെയുള്ള ആക്രമണങ.ങളായിരിക്കും അമേരിക്ക തിരഞ്ഞെടുക്കുകയെന്നാണ് നയതന്ത്ര വിഗഗ്ധർ അഭിപ്രായപ്പെടുന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 
ഇസ്രായേൽ-ഹമാസ് യുദ്ധം മൂലം ഇതിനകം സംഘർഷഭരിതമായ പ്രദേശങ്ങളെ കൂടുതൽ ആക്രമിക്കാതെ അമേരിക്ക മറുപടി നൽകണമെന്നാണ് പ്രസിഡൻ്റ് ജോ ബൈഡൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് യുഎസ് മാധ്യമമായ പൊളിറ്റിക്കോ വ്യക്തമാക്കുന്നു. അമേരിക്കയ്ക്ക് എതിരെ ഹൂതി ആക്രമണങ്ങളുണ്ടാകുകയാണെങ്കിലും വിഷയത്തിൽ ബെെഡൻ തന്ത്രപരമായ മൗനം പാലിക്കുകയാണ്. കൃത്യമായ തീരുമാനം ഉയർന്നുവന്നതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ ബെെഡൻ്റെ ഭാഗത്തു നിന്ന് ഔപചാരികമായ പ്രസ്താവനകൾ ഉണ്ടാകുകയുള്ളു എന്നാണ് പുറത്തു വരുന്ന സൂചനകൾ.

By admin

Leave a Reply

Your email address will not be published. Required fields are marked *