ബിപിയുണ്ടെങ്കില്‍ അത് ക്രമേണ ഹൃദയത്തിനും ദോഷകരമാണ്. ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്), പക്ഷാഘാതം (സ്ട്രോക്ക്) എന്നിങ്ങനെയുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് വരെ ബിപി നമ്മളെ ക്രമേണ എത്തിക്കും.ബിപി നിയന്ത്രിക്കണമെങ്കില്‍ പ്രധാനമായും നാം ജീവിതരീതികള്‍- വിശേഷിച്ചും ഡയറ്റ്, അഥവാ ഭക്ഷണരീതിയിലാണ് ശ്രദ്ധ ചെലുത്തേണ്ടത്. ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കേണ്ടിവരാം. ചിലത് നല്ലതുപോലെ നിയന്ത്രിച്ചാല്‍ മതിയാകും. ചില ഭക്ഷണങ്ങളാകട്ടെ ബിപി നിയന്ത്രിക്കുന്നതിന് നാം ഡയറ്റിലുള്‍പ്പെടുത്തുകയും വേണം.
സിട്രസ് ഫ്രൂട്ട്സ്: പേരില്‍ സൂചിപ്പിക്കുന്നത് പോലെ അസിഡിക് ആയ ചില പഴങ്ങളെയാണ് (ഫ്രൂട്ട്സ്) സിട്രസ് ഫ്രൂട്ട്സ് എന്ന് വിശേഷിപ്പിക്കുന്നത്. ഓറഞ്ച്, മധുരനാരങ്ങ എന്നിവയെല്ലാം സിട്രസ് ഫ്രൂട്ട്സ് വിഭാഗത്തില്‍ പെടുന്നതാണ്. ഓറഞ്ച് തന്നെ നല്ലതുപോലെ കഴിച്ചാല്‍ മതിയാകും. ഇതാണെങഅകില്‍ നമ്മുടെ നാട്ടില്‍ സുലഭവുമാണ്. മീൻ : നല്ലതുപോലെ കൊഴുപ്പടങ്ങിയ മീനുകള‍്‍ കഴിക്കുന്നതും ബിപി നിയന്ത്രിക്കാൻ സഹായിക്കും. ഇവയിലുള്ള ഒമേഗ-3 ഫാറ്റി ആസിഡാണ് ഇതിന് സഹായകമാകുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ബിപി കുറയ്ക്കുന്നതിന് സഹായകമാകുമെന്ന് പല പഠനങ്ങളും മുമ്പേ വിലയിരുത്തിയിട്ടുള്ളതാണ്.
ഇലക്കറികള്‍: നമ്മുടെ നാട്ടില്‍ വ്യാപകമായി ലഭിക്കുന്ന വിഭവങ്ങളാണ് ഇലക്കറികള്‍. ഇതും ബിപി നിയന്ത്രിക്കുന്നതിനായി ഡയറ്റില്‍ പതിവായി ഉള്‍പ്പെടുത്താവുന്നതാണ്. ഇലക്കറികളിലുള്ള പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാണ് ബിപി നിയന്ത്രിക്കുന്നതിന് സഹായകമാകുന്നത്. നട്ട്സ് & സീഡ്സ് : മത്തൻകുരു, ഫ്ളാക്സ് സീഡ്സ്, ചിയ സീഡ്സ്, വാള്‍നട്ട്സ്, ബദാം, പിസ്ത എന്നിങ്ങനെയുള്ള നട്ട്സും സീഡ്സുമെല്ലാം ദിവസവും ഒരല്‍പം കഴിക്കുന്നതും ബിപി നിയന്ത്രിക്കാൻ നല്ലതാണ്. നട്ട്സിലും സീഡ്സിലുമെല്ലാം ഉള്ള ‘ഫൈബര്‍’, ‘അര്‍ജിനൈൻ’ പോലുള്ള പോഷകങ്ങളാണ് ബിപി നിയന്ത്രിക്കുന്നത്.
പരിപ്പ്-പയര്‍വര്‍ഗങ്ങള്‍ : പരിപ്പ്, ബീൻസ്, കടല പോലുള്ള പരിപ്പ്- പയര്‍വര്‍ഗങ്ങളെല്ലാം മിതമായ അളവില്‍ ദിവസവും ഡയറ്റിലുള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവയിലുള്ള പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാണ് ബിപി കുറയ്ക്കുന്നതിന് സഹായകമാകുന്നത്. ക്യാരറ്റ് : മിക്കവര്‍ക്കും ഇഷ്ടമുള്ളൊരു പച്ചക്കറിയാണ് ക്യാരറ്റ്. സലാഡ് ആയും, കറികളില്‍ ചേര്‍ത്തും, തോരനാക്കിയുമെല്ലാം ക്യാരറ്റ് കഴിക്കാവുന്നതാണ്. ഇതിലുള്ള ചില കോമ്പൗണ്ടുകള്‍ ബിപി കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇതും ചില പഠനങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഹെര്‍ബ്സ് & സ്പൈസസ്: ഹെര്‍ബ്സ് & സ്പൈസസ് എന്ന് പറയുമ്പോള്‍ നമ്മള്‍ ദിവസവും അടുക്കളയിലുപയോഗിക്കുന്ന പലതും ഇതിലുള്‍പ്പെടും. കുരുമുളക്, വെളുത്തുള്ളി, ജീരകം, കറുവപ്പട്ട, ഏലയ്ക്ക, ഇഞ്ചി, ഒറിഗാനോ, ബേസില്‍ എല്ലാം ഇത്തരത്തില്‍ ഉപയോഗിക്കാവുന്നതാണ് കെട്ടോ.